ഓരോ അഞ്ചു വര്‍ഷവും വസ്തു നികുതി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഓരോ അഞ്ചു വര്‍ഷത്തിലും വസ്തു നികുതി നിരക്ക് വര്‍ധിപ്പിക്കണമെന്നു ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ. ശുപാര്‍ശയടങ്ങിയ അഞ്ചാം ധനകാര്യ കമ്മീഷന്റെ രണ്ടാം റിപോര്‍ട്ട് ഗവര്‍ണര്‍ പി സദാശിവത്തിന് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്കും വസ്തുനികുതി ചുമത്താന്‍ റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇതിനുവേണ്ടി കേന്ദ്ര നിയമങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്കും നികുതി ചുമത്തണം. സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വസ്തു നികുതി ചുമത്തണമെന്നതാണു മറ്റൊരു പ്രധാന നിര്‍ദേശം.
എല്ലാ വിഭാഗം തൊഴില്‍ ചെയ്യുന്നവരേയും നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ പഞ്ചായത്ത് മുനിസിപ്പല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സര്‍വീസ് നികുതി ചുമത്തുന്നതിന് പഞ്ചായത്ത് രാജ് മുനിസിപ്പല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തണം. പ്രഫഷനല്‍ നികുതിയുടെ പരിധി 2500 രൂപയില്‍ നിന്നും 12,000 രൂപയായി ഉയര്‍ത്താനുള്ള 14ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനും റിപോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഓരോ അഞ്ചു വര്‍ഷവും നികുതി- നികുതിയേതര വരുമാനങ്ങള്‍ നിയമപരമായി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാവണം. നികുതി പിരിവു കാര്യക്ഷമമാക്കണം. റവന്യൂ ഡിമാന്റിന്റെ 97 ശതമാനം ഒരു സാമ്പത്തികവര്‍ഷം പിരിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ചു ലക്ഷം രൂപയും, 95 ശതമാനം പിരിക്കുന്ന മുനിസിപ്പാലിറ്റികള്‍ക്ക് 10 ലക്ഷം രൂപയും 95 ശതമാനം പിരിക്കുന്ന കോര്‍പറേഷനുകള്‍ക്ക് 12.50 ലക്ഷം രൂപയും പ്രോല്‍സാഹനമായി നല്‍കാനും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ഹൗസ് ബോട്ടുകള്‍ക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും വിനോദ നികുതി ചുമത്തണം, സംസ്ഥാന മുനിസിപ്പാലിറ്റി റൂള്‍ 2011 എത്രയും വേഗം നടപ്പാക്കണം, സാമ്പത്തിക വര്‍ഷാവസാനത്തില്‍ തിരക്കിട്ടു പദ്ധതി ചെലവുചെയ്യുന്ന രീതി മാറ്റണം, നിര്‍മാണം, എന്‍ജിനീയറിങ് സ്വഭാവത്തിലുള്ള പദ്ധതികള്‍ എന്നിവയൊഴികെയുള്ള പദ്ധതികള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നടപ്പാക്കണം, പദ്ധതികള്‍ സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ തയാറാക്കി അനുമതി വാങ്ങി നടപ്പാക്കണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ട്രഷറി നിയന്ത്രണത്തില്‍ നിന്നൊഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപോര്‍ട്ടിലുണ്ട്. ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി എ പ്രകാശ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു റിപോര്‍ട്ട് സമര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ധനകാര്യ കമ്മീഷന്‍ സെക്രട്ടറി ടി കെ സോമന്‍, ധനകാര്യ റിസോഴ്‌സ് സെക്രട്ടറി വി കെ ബേബി എന്നിവരും അദ്ദേഹത്തോടൊപ്പം രാജ്ഭവനിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it