Kollam Local

ഓയില്‍പാം കൊലക്കേസ് പ്രതികളില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കുളത്തൂപ്പുഴ: ഓയില്‍പാം കണ്ടന്‍ചിറ എസ്റ്റേറ്റിനുള്ളില്‍ മനോജിനെ കൊലപ്പെടുത്തിയ കേസ്സില്‍ മൂന്നുപേരെ കൂടി കുളത്തുപ്പുഴ പോലിസ് അറസ്റ്റുചെയ്തു. ഡാലി രജനി വിലാസത്തില്‍ ഗോപിനാഥന്‍ പിള്ള (52) മൈലമൂട് പത്മവിലാസം വീട്ടില്‍ ശശിധരന്‍ ആചാരി (59), ഡാലി സ്വദേശിയായ പതിനേഴുകാരന്‍ തുടങ്ങിയവരാണ് ഇപ്പോള്‍ അറസ്റ്റില്‍ ആയിരിക്കുന്നത്. കേസ്സിലെ ഒന്നാം പ്രതി സുനില്‍കുമാറിനെ കഴിഞ്ഞദിവസം പോലിസ് ചണ്ണപ്പേട്ടയില്‍ നിന്നും പിടികൂടിയിരുന്നു.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ കഴിഞ്ഞ വ്യാഴാഴ്ച ഡാലിയിലെ ഒരു വീട്ടില്‍ ജോലിചെയ്തുകൊണ്ടിരുന്ന മനോജ് ഉള്‍പ്പെടെ അഞ്ചംഗസംഘം മദ്യപിക്കുന്നതിനായി സമീപത്തെ ഓയില്‍പാമിലേക്ക് പോയി. മദ്യപാനത്തിനിടയില്‍ മനോജ് സംഘത്തിലെ മറ്റുള്ളവരുമായി വാക്കേറ്റമായി. നാലുപേരും ആദ്യം വിലക്കിയെങ്കിലും മനോജ് കൂട്ടാക്കിയില്ല. ഇത് പിന്നീട് അടിയില്‍ കലാശിച്ചു. എണ്ണപ്പനമടല്‍ കൊണ്ട് ഒന്നാം പ്രതി സുനിലും രണ്ടാം പ്രതിയായ പതിനേഴുകാരനും ചേര്‍ന്ന് മനോജിനെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കി. . ഇതിനിടയില്‍ മനോജിനെ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് താഴേക്ക് വലിച്ചിടുകയും ഇയാളുടെ മലദ്വാരത്തില്‍ കൂടി മുപ്പത്തിമൂന്നു സെന്റിമീറ്റര്‍ നീളത്തിലുള്ള കമ്പ് തിരുകിക്കയറ്റുകയും ചെയ്തു.
ഇത് മനോജിന്റെ ആന്തരികാവയവങ്ങളില്‍ ഉണ്ടാക്കിയ ക്ഷതമാണ് മരണത്തിന് പ്രധാനകാരണമായത്. മുമ്പുനടന്ന ഒരു അടിപിടിയുമായി ബന്ധപെട്ട് സുനില്‍കുമാറിന് മനോജിനോടുള്ള മുന്‍വൈരാഗ്യവും ലക്കുകെട്ട മദ്യപാനവും കൊലക്ക് കാരണമായെന്ന് പോലിസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തിയശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പതിനേഴുകാരനെ ജുവനൈല്‍കോടതിയിലും ഹാജരാക്കി.
17 കാരനെ മദ്യവും മറ്റുംനല്‍കി കൂട്ടുപ്രതികള്‍ പലകുറ്റകൃത്യങ്ങല്‍ക്കും വിനിയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. മറ്റുപ്രതികള്‍ക്കെതിരേ വിവിധവകുപ്പുകള്‍ ചുമത്തുമെന്നാണറിയുന്നത്. കേസ്സില്‍ അന്വേഷണം തുടരുമെന്നും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുളത്തുപ്പുഴ സിഐ സി എല്‍ സുധീര്‍, കുളത്തുപ്പുഴ എസ്‌ഐ എന്‍ സുരേഷ്‌കുമാര്‍, അനീഷ്, ഗ്രേഡ് എസ്‌ഐമാരായ കബീര്‍, സുബൈര്‍, തുടങ്ങിയവരാണ് കേസ് അന്വേഷിച്ചുവരുന്നത്.
Next Story

RELATED STORIES

Share it