Flash News

ഓബോര്‍ ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും

ഓബോര്‍ ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും
X


ന്യൂഡല്‍ഹി: ചൈനയിലെ ബീജിങ്ങില്‍ ഇന്ന് ആരംഭിക്കുന്ന ഓബോര്‍’(വണ്‍ ബെല്‍റ്റ് വണ്‍ റോഡ്) ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ അടക്കമുള്ള രാഷ്ട്രനേതാക്കളും എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്ന ഉച്ചകോടിയിലേക്ക് പ്രതിനിധികളെ അയക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം.  ഏഷ്യന്‍ രാജ്യങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള വന്‍ സ്വപ്‌ന സംരംഭമാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി. പാകധീന കശ്മീര്‍ വഴി കടന്നുപോവുന്ന പാകിസ്താന്‍ ചൈന സാമ്പത്തിക ഇടനാഴിയുമായി മുന്നോട്ടുപോവാനുള്ള ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്‌കരിക്കുന്നത്. ഉച്ചകോടിയിലേക്ക് ക്ഷണമുള്ള രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് വിട്ടുനില്‍ക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഷ്ട്രനേതാക്കളെയോ പ്രതിനിധി സംഘത്തെയോ അയക്കില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.സാമ്പത്തിക ഇടനാഴി പാകധീന കശ്മീരിലൂടെ കടന്നുപോവുന്നതിലൂടെ കശ്മീരിന് മേലുള്ള പാകിസ്താന്റെ അവകാശവാദത്തിന് ചൈന അംഗീകരം നല്‍കിയിരിക്കുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ പാകധീന കശ്മീരിനെ കുറിച്ചു നിലപാട് പ്രഖ്യാപിക്കാതെ ഉച്ചകോടിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ചൈന പാക് സാമ്പത്തിക ഇടനാഴിക്ക് പുറമെ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ തുറമുഖങ്ങളും റെയില്‍വേ ലൈനുകളും നിര്‍മിക്കുന്നതിനും വൈദ്യുതി ലൈനുകള്‍ വലിക്കാനുമാണ് ചൈനയുടെ പദ്ധതി. ചൈനീസ് പാക് സാമ്പത്തിക ഇടനാഴി മേഖലയിലെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യക്കു യോജിപ്പാണ്. എന്നാല്‍, പദ്ധതി പാകധീന കശ്മീരിലൂടെ നിര്‍മിക്കുന്നതിനോട് ഇന്ത്യക്ക് എതിര്‍പ്പാണ്.ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ, യൂറോപ്പ് മേഖലകളെ ഒന്നിപ്പിക്കുന്ന ഈ പദ്ധതിക്ക് ഒരുലക്ഷം കോടി ഡോളര്‍ ചെലവുവരുമെന്നാണ് കണക്കുകൂട്ടുന്നത്. റോഡ്, റെയില്‍വേ, തുറമുഖങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലൂടെ ചൈനയെ യൂറോപ്പുമായും പശ്ചിമേഷ്യയുമായും ആഫ്രിക്കയുമായും ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഇതുവഴി വ്യാപാര ബന്ധം ശക്തമാക്കാമെന്നാണ് കരുതുന്നത്. ഭൂട്ടാനൊഴിച്ചുള്ള ഇന്ത്യയുടെ എല്ലാ അയല്‍ രാഷ്ട്രങ്ങളും ഈ പദ്ധതിയുടെ ഭാഗമാവാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഉച്ചകോടിയിലേക്ക് 65 രാജ്യങ്ങള്‍ക്കാണ് ക്ഷണമുള്ളത്. ഇതില്‍ 20 രാജ്യങ്ങളുടെ തലവന്‍മാരും ബാക്കി രാജ്യങ്ങളില്‍ നിന്നു പ്രതിനിധികളും ആവും പങ്കെടുക്കുക. തെക്കന്‍ കൊറിയ, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പ്രതിനിധികളും ഉണ്ടാവും. ഉച്ചകോടിക്കില്ലെന്നു നേരത്തേ അമേരിക്ക അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it