ഓപറേഷന്‍ സുരക്ഷ: 437 പേര്‍ അറസ്റ്റിലായി

തിരുവനന്തപുരം: ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ 437 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 171 പേരും കൊച്ചി റേഞ്ചില്‍ 83 പേരും തൃശൂര്‍ റേഞ്ചില്‍ 51 പേരും കണ്ണൂര്‍ റേഞ്ചില്‍ 132 പേരുമാണ് അറസ്റ്റിലായത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 29, തിരുവനന്തപുരം റൂറല്‍ 41, കൊല്ലം സിറ്റി 81, കൊല്ലം റൂറല്‍ 20, ഇടുക്കി 04, ആലപ്പുഴ 39, കൊച്ചി സിറ്റി 27, എറണാകുളം റൂറല്‍ 10, കോട്ടയം 03, തൃശൂര്‍ സിറ്റി 07, പാലക്കാട് 40, മലപ്പുറം 04, കോഴിക്കോട് സിറ്റി 30, വയനാട് 10, കണ്ണൂര്‍ 66, കാസര്‍കോട് 26. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേയുള്ള നടപടി വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേയുള്ള പരാതികള്‍ 1090 എന്ന നമ്പരിലോ അതതു ജില്ലകളിലെ ജില്ലാ പോലിസ് മേധാവിമാരെയോ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ,് പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലിസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ ശനിയും ഞായറും ദിവസങ്ങളില്‍ 13 പേര്‍ അറസ്റ്റിലായി. 61 റെയ്ഡുകളിലായി 13 കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ 2014 മെയ് 30 മുതല്‍ നടന്നുവരുന്ന റെയ്ഡില്‍ ഇതേവരെ അറസ്റ്റിലായവരുടെ എണ്ണം 12,202 ആയി. ആകെ 45,512 റെയ്ഡുകളിലായി 12,576 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായ റെയ്ഡുകള്‍ വരുംദിവസങ്ങളിലും തുടരും. സ്‌കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസിനെ അറിയിക്കണമെന്ന് സ്‌കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും ഡിജിപി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it