Kerala

ഓപറേഷന്‍ രുചി' വിജയകരം, പരിശോധനകള്‍ ശക്തമായി തുടരും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: 'ഓപറേഷന്‍ രുചി' പദ്ധതി വിജയമാണെന്ന് ഓണക്കാല പരിശോധനകളില്‍നിന്നും വ്യക്തമായതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. ചെക്ക്‌പോസ്റ്റുകളിലും പച്ചക്കറിക്കടകളിലും ഭക്ഷണശാലകളിലും റെയ്ഡുകള്‍ ശക്തമായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളില്‍നിന്നു മോചനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി  ആരംഭിച്ചത്. ഓണക്കാല വിപണിയില്‍ ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഫലംകണ്ടു. കീടനാശിനികള്‍ അമിതമായി പ്രയോഗിക്കാത്ത പച്ചക്കറി, പഴം, മായം ചേര്‍ക്കാത്ത പാല്‍, ഭക്ഷ്യ എണ്ണ തുടങ്ങിയവ വിപണിയിലെത്തിക്കാനും തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെ പച്ചക്കറിയുടെ ആഭ്യന്തരോല്‍പ്പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കാനും സാധിച്ചു. കീടനാശിനികള്‍ അമിതമായി ഉപയോഗിച്ച പച്ചക്കറികള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടികളോട് ആശാവഹമായ സഹകരണമാണ് തമിഴ്‌നാട്ടില്‍ നിന്നുണ്ടായത്. അവിടത്തെ ഉദ്യോഗസ്ഥരും കര്‍ഷകരുമെല്ലാം കേരളത്തിന്റെ നിലപാടിനോട് സഹകരിച്ചു തുടങ്ങി. തമിഴ്‌നാട് ഏറെക്കാലമായി നടത്തിവന്ന വിഫല പരിശ്രമങ്ങളാണ് കേരളത്തിന്റെ ശക്തമായ നടപടികള്‍മൂലം ഫലംകണ്ടത്. അമിത കീടനാശിനിപ്രയോഗം മാറ്റിയേപറ്റൂ എന്നും അല്ലെങ്കില്‍ കര്‍ഷകരുടെ നിലനില്‍പ്പിനെത്തന്നെ അത് ബാധിക്കുമെന്നും അവിടത്തെ ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ബോധവല്‍ക്കരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിപ്രയോഗം ഗണ്യമായി കുറഞ്ഞു. കീടനാശിനികളുടെ വില്‍പ്പനയില്‍ 40 ശതമാനത്തോളം കുറവുണ്ടായി. തമിഴ്‌നാട്ടിലെ കൃഷിവകുപ്പിന്റെ ജില്ലാതല ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍മാര്‍ കീടനാശിനി വില്‍പ്പനകേന്ദ്രങ്ങളില്‍ നിരന്തരം പരിശോധനകള്‍ നടത്തിവരികയാണ്. കേരളത്തിലേക്ക് പച്ചക്കറികളും പഴങ്ങളും കൊണ്ടുവരുന്ന കച്ചവടക്കാര്‍ക്ക് തമിഴ്‌നാട്ടിലെ ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാവിഭാഗം ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്.
ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി സാന്നിധ്യം പരിശോധിക്കാനുള്ള ആധുനിക സംവിധാനം (ജി.സി.എം.എസ്.എം.എസ്) ഭക്ഷ്യസുരക്ഷാവകുപ്പിന്റെ  ലാബുകളില്‍ അടുത്തയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. ഇനിമുതല്‍ ഇക്കാര്യത്തിനായി ഭക്ഷ്യസുരക്ഷാവകുപ്പിന് മറ്റു ലാബുകളെ ആശ്രയിക്കേണ്ടിവരില്ല. പുതിയ സംവിധാനമുപയോഗിച്ച് പരിശോധന നടത്താനായി 10 ഫുഡ് സേഫ്റ്റി അനലിസ്റ്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായും മന്ത്രി പറഞ്ഞു.
ഭക്ഷണശാലകളിലും ഓപറേഷന്‍ രുചിയുടെ ഭാഗമായുള്ള റെയ്ഡുകള്‍ ശക്തമാണ്. ഓണത്തോടനുബന്ധിച്ച്  നടത്തിയ 1,766 റെയ്ഡുകളെത്തുടര്‍ന്ന് ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിറ്റ 9 വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷയില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയ 348 വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. അമരവിള ചെക്ക്‌പോസ്റ്റ് വഴി കൊണ്ടുവരാന്‍ ശ്രമിച്ച ജേഷ്മ  ബ്രാന്‍ഡ് പാലും മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് വഴി എത്തിക്കാന്‍ ശ്രമിച്ച ശ്രീഗോകുലം  ബ്രാന്‍ഡ് പാലും തിരിച്ചയച്ചെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it