ഓപറേഷന്‍ താമര തകര്‍ന്നു; ജനാധിപത്യം ജയിച്ചു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ വശത്താക്കാനുള്ള ഓപറേഷന്‍ താമര പരാജയപ്പെട്ടെന്നും ജനാധിപത്യം വിജയിച്ചെന്നും കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല. രാജ്യം പ്രവചിച്ചതുപോലെ ബി എസ് യെദ്യൂരപ്പ രണ്ടു ദിവസത്തെ മുഖ്യമന്ത്രിയായി. ഏഴു ദിവസത്തെ മുഖ്യമന്ത്രി എന്ന സ്വന്തം റെക്കോഡാണ് അദ്ദേഹം ഭേദിച്ചത്. ജനാധിപത്യവും ഭരണഘടനയുമാണ് കര്‍ണാടകയില്‍ ജയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ജനാധിപത്യം തല്‍ക്കാലം രക്ഷപ്പെട്ടെന്നു മുന്‍ കേന്ദ്രമന്ത്രി ചിദംബരവും പറഞ്ഞു. യെദ്യൂരപ്പയുടെ രാജി മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിജയമാണെന്ന് ഇടതുകക്ഷികളും തൃണമൂല്‍ കോണ്‍ഗ്രസ്സും പറഞ്ഞു. മതിയായ ഭൂരിപക്ഷമില്ലാതെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. കുതിരക്കച്ചവടം നടത്താനാണ് കൂടുതല്‍ സമയം അനുവദിച്ചത്. ബിജെപിയുടെ തകര്‍ച്ച തുടങ്ങിയെന്ന് കര്‍ണാടക കാണിച്ചുതരുന്നുണ്ടെന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞു. കര്‍ണാടകയിലേത് പ്രാദേശിക ശക്തികളുടെ ജയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തെ അവര്‍ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it