ഓപറേഷന്‍ താമര ആവര്‍ത്തിക്കാന്‍ ബിജെപി; ഇത്തവണ നടപ്പില്ലെന്ന് ജെഡിഎസ്

ബംഗളൂരു: കേവല ഭൂരിപക്ഷത്തിലെത്താന്‍ സാധിക്കാത്തതോടെ പയറ്റിത്തെളിഞ്ഞ തന്ത്രവുമായി ബിജെപി. കര്‍ണാടകയില്‍ അടുത്തിടെ ജെഡിഎസ്, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ചേര്‍ന്ന എംഎല്‍എമാരെ ലക്ഷ്യമിട്ട് ഓപറേഷന്‍ കമല(താമര)യ്ക്കാണ് ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമം.
അടുത്തിടെ കോണ്‍ഗ്രസ് പാളയത്തിലെത്തിയ നാല് എംഎല്‍എമാര്‍ക്കും ജെഡിഎസ് ക്യാംപിലെത്തിയ മുന്‍ ബിജെപിക്കാര്‍ക്കുമാണ് ഓപറേഷനില്‍ നറുക്കു വീണതെന്നറിയുന്നു.
അതേസമയം, ഓപറേഷന്‍ താമരയുടെ തണ്ടൊടിക്കുന്ന പ്രസ്താവനയുമായി ജെഡിഎസ് നേതാവ് കുമാരസ്വാമി രംഗെത്തത്തി. ഇത്തവണ ബിജെപി തന്ത്രം നടക്കില്ല.
ഇത്തവണയും ഓപറേഷന്‍ കമല ആവര്‍ത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ശ്രമം നടക്കട്ടെ, ഞങ്ങള്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കും. അദ്ദേഹം പറഞ്ഞു. ഓപറേഷന്‍ താമരയൊന്നും വിജയിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പ്രതികരണം.
2008ലാണ് ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കുന്നതിനാവശ്യമായ എംഎല്‍എമാരുടെ പിന്തുണ നേടിയെടുക്കുന്നതിന് ബിജെപി നേതാവും ഖനി രാജാവുമായ ജി ജനാര്‍ദന റെഡ്ഡി ഓപറേഷന്‍ കമലയെന്ന തൂറുപ്പുചീട്ട് ഇറക്കിയത്. പണവും അധികാരവും വാഗ്ദാനം ചെയ്ത് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെയും നാല് ജെഡിഎസ് എംഎല്‍എമാരെയും റെഡ്ഡിയുടെ സഹായത്തോടെ ബിജെപിക്കൊപ്പം നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ഈ അഞ്ചുപേരെയും രാജിവയ്പിച്ച് ബിജെപി ടിക്കറ്റില്‍ മല്‍സരിപ്പിച്ചു. ഇവര്‍ വിജയിച്ചതോടെ ബിജെപി അംഗബലം 115 ഉയര്‍ത്തി അധികാരം നേടുകയായിരുന്നു. എന്നാല്‍ ഇത്തരമൊരു നീക്കം മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ്സും ജെഡിഎസും പദ്ധതിയിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it