Pathanamthitta local

ഓപറേഷന്‍ ഗ്രാമം; ജില്ലയിലെ നാല് വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

പത്തനംതിട്ട: പോക്കുവരവ് ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. ഓപറേഷന്‍ ഗ്രാമം എന്ന പേരിലുള്ള പരിശോധന ജില്ലയില്‍ പള്ളിക്കല്‍, കടമ്പനാട്, കാവുംഭാഗം, അത്തിക്കയം വില്ലേജ് ഓഫിസുകളിലാണ് നടന്നത്.
നാലു വില്ലേജ് ഓഫിസുകളിലും പോക്കുവരവിനുള്ള അപേക്ഷകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താതെ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയയാതി ഡിവൈഎസ്പി രാധാകൃഷ്ണപിള്ള പറഞ്ഞു.
പോക്കുവരവിന് നല്‍കുന്ന അപേക്ഷകള്‍ അപ്പോള്‍ തന്നെ രജിസ്റ്ററില്‍ രേഖപ്പെടുത്തി അപേക്ഷകന് രശീതി നല്‍കണമെന്നാണ് നിയമം.
സബ്ഡിവിഷനുള്ളതാണെങ്കില്‍ അത് രജിസ്റ്ററില്‍ ചേര്‍ത്തതിന് ശേഷം താലൂക്ക് ഓഫിസിലേക്ക് നല്‍കണം. സാങ്കേതിക തടസ്സം വല്ലതുമുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷകന് അപ്പോള്‍ തന്നെ നോട്ടീസ് നല്‍കണം.
ഇത് മിക്കയിടത്തും പാലിക്കപ്പെട്ടിട്ടില്ല. അപേക്ഷ കിട്ടുന്ന ദിവസം രജിസ്റ്ററില്‍ രേഖപ്പെടുത്താറില്ല.
ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ശേഷമാണ് ഇങ്ങനെ ചെയ്യുന്നത്. അതും അപേക്ഷകന്‍, സ്വന്തം ചെലവില്‍ വില്ലേജിലെ ഉദ്യോഗസ്ഥനെ സ്ഥലത്തെത്തിച്ച് കൈമടക്ക് നല്‍കിയാല്‍ മാത്രം. അപേക്ഷ കിട്ടുന്ന മുറയ്ക്കല്ല പോക്കുവരവ് നടക്കുന്നത്.
ജീവനക്കാരെ വേണ്ട രീതിയില്‍ കാണുന്നവരുടെ അപേക്ഷ മുന്‍ഗണനാക്രമം തെറ്റിച്ച് കൃത്യസമയത്ത് ചെയ്തു കൊടുക്കും. അല്ലാത്തവരെ ഒഴിവുകഴിവു പറഞ്ഞ് നടത്തിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പല പരാതികളും വിജലന്‍സിന് ലഭിച്ചിരുന്നുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. നാലു വില്ലേജുകളിലും ഇത്തരം ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
പള്ളിക്കലില്‍ സിഐ ജയരാജ്, കടമ്പനാട് സിഐ ബൈജുകുമാര്‍, കാവുംഭാഗത്ത് സിഐ അശോക് കുമാര്‍, അത്തിക്കയത്ത് ഡിവൈഎസ്പി രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it