Flash News

ഓപറേഷന്‍ ഗുരുകുലം പദ്ധതി എല്ലാ ജില്ലയിലും നടപ്പാക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവസ്തു ക്കളുടെ ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലയില്‍ ആരംഭിച്ച ഓപറേഷന്‍ ഗുരുകുലം പദ്ധതിയുടെ മാതൃകയില്‍ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. ലഹരി ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് മുഖ്യകാരണക്കാര്‍ വിദ്യാലയപരിസരങ്ങള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പന നടത്തുന്നവരാണ്. കുട്ടികളില്‍ പാന്‍പരാഗ്, സിഗരറ്റ്, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം ഇതുവഴി വര്‍ധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിനെതിരേ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലാ പോലിസ് “ഓപറേഷന്‍ ഗുരുകുലംപദ്ധതി ആവിഷ്‌കരിച്ചത്. ലഹരിവസ്തുക്കളുടെ വില്‍പന തടയുക, ലഹരിക്കടിമപ്പെടുന്ന കുട്ടികളെ കണ്ടെത്തി ലഹരിവിമുക്തി നേടുന്നതിന് സഹായിക്കുക, കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പദ്ധതി വിജയമാണെന്നു കണ്ടിരുന്നു. നല്ല രീതിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിന്നാക്കം പോവുക, ഏതു കാര്യത്തിലും ഉദാസീന മനോഭാവം പ്രകടിപ്പിക്കുക, പാതിമയങ്ങിയ കണ്ണുകള്‍, ആരോടും സംസാരിക്കാതെ ഉള്‍വലിയുകയും പെട്ടെന്ന് പ്രകോപിതരാവുകയും അക്രമാസക്തരാവുകയും ചെയ്യുക എന്നിവയൊക്കെ സ്ഥിരമായ മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണമാണ്. ചികില്‍സ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാലയാധികൃതര്‍/രക്ഷിതാക്കള്‍ എന്നിവരുമായി ബന്ധപ്പെട്ടു നടത്തുന്നു. ഓണ്‍ലൈനായി കൗണ്‍സലിങ് നല്‍കുന്നതിനും അവസരമുണ്ട്. സ്‌കൂളില്‍ എത്താത്ത കുട്ടികളെ സംബന്ധിച്ച വിവരം പ്രത്യേക സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ രക്ഷിതാക്കളെ അറിയിക്കുന്നതിനും കോട്ടയം ജില്ലാ ഗുരുകുലം പദ്ധതിയില്‍ സംവിധാനമുണ്ട്. ഇവ ഉള്‍പ്പെടുത്തി എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനാണു നിര്‍ദേശം.
Next Story

RELATED STORIES

Share it