thiruvananthapuram local

ഓപറേഷന്‍ അനന്ത: ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം 24നു പ്രഖ്യാപിക്കും

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആരംഭിച്ച ഓപറേഷന്‍ അനന്തയുടെ ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം ഫെബ്രുവരി 24നു പ്രഖ്യാപിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 കിലോമീറ്ററോളം ദൂരത്തിലാണ് ഓടകള്‍ പുനര്‍നിര്‍മിച്ചത്. മഴക്കാലത്ത് ഇതുവഴി ഏതാണ്ട് 1.20 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുകിപ്പോകുമെന്നാണ് കണക്കാക്കുന്നതെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.
2.5 മീറ്ററോളം വീതിയില്‍ ഒരു മീറ്റര്‍ ആഴത്തിലാണ് ഓടകളുടെ പുനര്‍നിര്‍മാണം നടത്തിയിരിക്കുന്നത്. ഇതുവരെ 30 കോടിയോളം രൂപ ചെലവു വന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് തുക ചെലവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തും ഓപറേഷന്‍ അനന്ത വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച ശില്‍പശാലയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് വിശദാംശങ്ങള്‍ അറിയിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
2015 മെയിലാണ് ഓപറേഷന്‍ അനന്തയ്ക്ക് ചീഫ് സെക്രട്ടറി മുന്‍കൈയെടുത്തു തുടക്കമിട്ടത്. ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ 10 മാസത്തോളം നീണ്ടത്.
ചില സ്ഥലങ്ങളില്‍ നിര്‍മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. അടഞ്ഞ ഓടകളും ക്രമാതീതമായ കൈയേറ്റങ്ങളും ഉണ്ടായതാണ് പദ്ധതി നീളാന്‍ കാരണമായത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാതെവന്നതോടെ ഒട്ടേറെ ആക്ഷേപങ്ങളും ഉണ്ടായി. അതിനാല്‍ ഒന്നാംഘട്ടത്തില്‍ ചെയ്യാന്‍ കഴിയാതെവന്ന മറ്റ് പല ജോലികളും പൂര്‍ത്തിയാക്കാന്‍ രണ്ടാംഘട്ടമായി ഒരു പദ്ധതിക്കും തുടക്കമിട്ടു. അത് എപ്രകാരം എങ്ങനെയൊക്കെ വേണമെന്നതു സംബന്ധിച്ച് പിന്നീട് സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ പല ഭാഗങ്ങളിലായുള്ള 30 കിലോമീറ്റര്‍ ഓടകളാണ് പുനര്‍നിര്‍മിച്ചത്. ചെങ്കല്‍ച്ചൂള വഴി വരുന്ന ഓട മനോരമ, മംഗളം, ദേശാഭിമാനി വഴി കടന്ന് മോസ്‌ക് ലൈന്‍, കോഫീഹൗസ്, റെയില്‍വേയുടെ അടിഭാഗം കടന്ന് സെന്‍ട്രല്‍ തിയേറ്റര്‍ വഴി കടന്നുപോകും. രണ്ടാമത്തേത് കരിമഠം, ആര്യശാല വഴിയും മൂന്നാമത്തേത് ചാല, എരുമക്കുഴി, അട്ടക്കുളങ്ങര, തമിഴ് സ്‌കൂള്‍ വഴിയും കടന്നുപോകും. നാലാമത്തേത് സുബ്രഹ്മണ്യക്ഷേത്രം, അഭേദാനന്ദാശ്രമം, ലൂസിയ ഹോട്ടല്‍ വഴി തെക്കനംകര കനാലിലേക്കുമാണ് നിര്‍മിച്ചിരിക്കുന്നത്.
അനന്തയുടെ ഭാഗമായി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമനടപടികളും അഭിമുഖീകരിക്കേണ്ടിവന്നു.
ശ്രീകുമാര്‍ തിയേറ്ററിനു സമീപത്തെ കൈയേറ്റം ഒഴിപ്പിക്കേണ്ടിവന്നതും രാജധാനി ബില്‍ഡിങ് പൊളിക്കുന്നത് സംബന്ധിച്ചും നിയമനടപടികള്‍ തുടരുകയാണ്. അതുപോലെ റെയില്‍വേയുടെ 160 മീറ്ററോളം ദൂരം ഇനിയും വൃത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അവിടെ നിന്നു നീക്കംചെയ്യുന്ന മാലിന്യങ്ങള്‍ കൊണ്ടിടുന്നതു സംബന്ധിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതുമൂലമാണ് അതിനു സാധിക്കാത്തത്. എന്തായാലും അനന്തയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന് അതൊന്നും തടസ്സമായിട്ടില്ലെന്നും രാജധാനി കെട്ടിടം പൊളിച്ചില്ലെങ്കിലും സമീപത്തെ മറ്റൊരു സംവിധാനം വഴി വെള്ളം ഒഴുക്കിവിടാനുള്ള സൗകര്യം കെണ്ടത്തിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതിന്റെ ഫലം പൂര്‍ണാര്‍ഥത്തില്‍ ലഭിക്കണമെങ്കില്‍ വേളിയില്‍ അടിയന്തരമായി പുലിമുട്ട് നിര്‍മാണം നടത്തണം. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗം കൈക്കൊള്ളണമെന്നും അതല്ലെങ്കില്‍ വേലിയേറ്റ സമയങ്ങളില്‍ കടല്‍വെള്ളം ഈ വൃത്തിയാക്കിയ ഓടകള്‍ വഴി തിരിച്ചുകയറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it