ഓണ്‍ ലൈന്‍ പെണ്‍വാണിഭം;പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത്: എസ്ഡിപിഐ

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ഫേസ് ബുക്കിലൂടെയും വെബ് സൈറ്റിലൂടെയും പെണ്‍വാണിഭം നടത്തുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്നും പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ.്
പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരേ ഫലപ്രദമായ നടപടിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം സംഘങ്ങള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാവുകയാണ്. കിളിരൂര്‍ സെക്‌സ് റാക്കറ്റ് കേസില്‍ കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. കിളിരൂര്‍ കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിഐപികളുടെ പേര് പുറത്ത് പറയുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ അതിനെക്കുറിച്ച് മൗനം പാലിക്കുകയും കേസിലെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ച് രാഷ്ട്രീയത്തില്‍ തന്റെ നിലപാട് ഭദ്രമാക്കുകയുമാണ് ചെയ്തത്.
പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഉന്നതരുമായുള്ള ബന്ധവും ഇടപാടില്‍ ഉന്നതര്‍ ഉള്‍പ്പെടുന്നതും കുറ്റവാളികള്‍ പിടിക്കപ്പെടാതിരിക്കാന്‍ കാരണമാവുകയാണ്. വലിയ സെക്‌സ് റാക്കറ്റുകളിലെ ചിലരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു.
ഉന്നതരുമായുള്ള ബന്ധവും നിയമത്തിന്റെ പഴുത് ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നതുമാണ് സംസ്ഥാനത്ത് ഇത്തരം പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാവാനുള്ള കാരണം. അതിനാല്‍, സമ്മര്‍ദ്ദത്തിന് വഴങ്ങാതെ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ ഈ റാക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it