palakkad local

ഓണ്‍ലൈന്‍ സ്ഥലംമാറ്റ സംവിധാനം അട്ടിമറിക്കപ്പെടുന്നു

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: സ്ഥലം മാറ്റമടക്കമുള്ള വിഷയത്തില്‍ അഴിമതി ഇല്ലാതാക്കാന്‍ കൊണ്ടുവന്ന സോഫ്റ്റ് വെയര്‍ നടപ്പാക്കാനുള്ള നീക്കം സര്‍വീസ് സംഘടനകള്‍ അട്ടിമറിക്കുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ ഇത് നടപ്പാക്കുന്നതില്‍ നിസംഗതതുടരുകയാണ്.കഴിഞ്ഞവര്‍ഷമാണ് സോഫ്റ്റ് വെയറിലേക്ക് മാറാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.
ശമ്പളം നല്‍കാന്‍ സ്പാര്‍ക്ക് സോഫ്റ്റ് വെയറും ഒരുക്കിയിരുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റം, ശമ്പളം, അവധി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഓണ്‍ ലൈനാക്കണമെന്ന ഉത്തരവ് പൂര്‍ണമായി നടപ്പായില്ല. സ്പാര്‍ക്ക് സോഫ്റ്റ് വെയറിലേക്ക് മാറാന്‍ രംഗത്തെത്തിയത് ആരോഗ്യ വകുപ്പ് മാത്രമാണ്. എന്നാല്‍ റവന്യൂ വകുപ്പടക്കമുള്ളവ ഇക്കാര്യത്തില്‍ മെല്ലെപ്പോക്കിലാണ്.
പുതുവര്‍ഷത്തോടെ സ്പാര്‍ക്കിലേക്ക് മാറാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എല്ലാ ഓഫിസുകളിലേക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.പുതുവര്‍ഷത്തിനു മുമ്പ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കിലേക്ക് അപ്‌ലോഡ് ചെയ്യാനാണ് ഉത്തരവ്. ഇതിനായി ഓഫിസുകളില്‍ പ്രത്യേക ജീവനക്കാരെയും ചുമതലപ്പെടുത്തി.ഓരോ വകുപ്പിലും സ്ഥലം മാറ്റത്തിനായി ലക്ഷങ്ങളുടെ അഴിമതിയാണ് ഓരോ വര്‍ഷവും നടക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പ്, റവന്യൂ വകുപ്പ് ,പോലിസ്, രജിസ്‌ട്രേഷന്‍, തദ്ദേശ വകുപ്പ് തുടങ്ങിയ വകുപ്പുകളില്‍ സര്‍വീസ് സംഘടന ഭാരവാഹികളാണ് ഓണ്‍ലൈന്‍ സംവിധാനത്തിന് തടസ്സം നില്‍ക്കുന്നത്.
റവന്യൂ വകുപ്പില്‍ എഡിഎം ഓഫിസില്‍ താഴ്ന്ന തസ്തികയിലുള്ള സംഘടന പ്രവര്‍ത്തകനറിയാതെ സ്ഥലം മാറ്റം നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് ജീവനക്കാര്‍ക്കിടയിലെ പരാതി.
റവന്യൂ, കൃഷി വകുപ്പുകളില്‍ സിപിഐനേതാക്കളുടെ അനാവശ്യ ഇടപെടലുണ്ടെന്ന് സിപിഎമ്മിന്റെ ജീവനക്കാരുടെ സംഘടനയ്ക്ക്  അഭിപ്രായമുണ്ടായിരുന്നു. മോട്ടോര്‍ വാഹന വകുപ്പില്‍ അഞ്ച് വര്‍ഷം ഒരു ജില്ലയില്‍ പൂര്‍ത്തിയായവരെ മാറ്റണമെന്ന് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു.മന്ത്രി രാജിവെച്ച് വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്തതോടെ ഇതും നടപ്പായിട്ടില്ല.
Next Story

RELATED STORIES

Share it