malappuram local

ഓണ്‍ലൈന്‍ വൈവാഹിക സേവനത്തിലേക്ക് കുടുംബശ്രീയും

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: വൈവാഹിക സേവന രംഗത്തേക്ക് കുടുംബശ്രീയും കടന്നുവരുന്നു. സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ വൈവാഹിക സേവന കുടുംബശ്രീ സംരംഭം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വൈവാഹിക സേവനകേന്ദ്രങ്ങള്‍ ആരംഭിച്ച് യുവതീ യുവാക്കള്‍ക്ക് നിയമാനുസരണം ജീവിത പങ്കാളികളെ കണ്ടെത്താനുള്ള വിശ്വസനീയ സംവിധാനം ഒരുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നിര്‍മാണ മേഖലയിലടക്കം വ്യക്തിമുദ്ര പതിപ്പിച്ച കുടുംബശ്രീ സംരംഭങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുന്ന സമയത്താണ് കുടുംബശ്രീയുടെ ഈ വ്യത്യസ്ഥ സംരംഭം. കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ 'ദൃശ്യ' അയല്‍കൂട്ട പ്രവര്‍ത്തക സുജാത പുള്ളക്കാട്ടാണ് പുതിയ സംരംഭത്തിനു പിന്നില്‍. ജില്ലാ തലങ്ങളിലുള്ള സിഡിഎസ് സംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാനാവുന്ന മംഗല്യ ഡോട്ട് നെറ്റ് എന്ന സൈറ്റാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈനോവെബ് എന്ന സ്ഥാപനമാണ് ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. കുടുംബശ്രീ സംവിധാനമുപയോഗിച്ച് സംസ്ഥാന വ്യാപകമായി എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമുള്ള യുവതീ യുവാക്കളെ നിയമാനുസരണം ജീവിത പങ്കാളിയെ കണ്ടെത്താന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിക്കലാണ് ആദ്യ ഘട്ടം. സ്ത്രീ-പുരുഷ ഭേദമില്ലാതെ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വിശ്വാസമനുസരിച്ചുള്ള രേഖകളും ഇതോടൊപ്പം നല്‍കാം. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് താല്‍പര്യമുള്ള വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സൈറ്റില്‍ ബന്ധപ്പെടാം.
വിലാസമടക്കമുള്ള വിവരങ്ങള്‍ ലഭിക്കാന്‍ 500 രൂപ മുതല്‍ 3000 രൂപ വരെയുള്ള സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടുതല്‍ വിരവങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കു മാത്രമാണ് വിലാസവും മറ്റു വിവരങ്ങളും നല്‍കുക. 500 രൂപയ്ക്ക് ഒരു മാസം 30 പേരുടെ വിവരങ്ങള്‍ കൈമാറും.
1000 രൂപയ്ക്ക് 70 പേരുടെ വിവരങ്ങളാണു മൂന്നു മാസം കാലാവധിയില്‍ നല്‍കുക. 3000 രൂപയ്ക്ക് ഒരു വര്‍ഷത്തെ വിവരങ്ങള്‍ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ജില്ലാതലങ്ങളില്‍ സിഡിഎസ് ഓഫിസ് ചുമതലപ്പെടുത്തിയ ഒരാള്‍ക്കായിരിക്കും പദ്ധതിയുടെ ചുമതല. പഞ്ചായത്തുതലത്തില്‍ എഡിഎസ് അംഗത്തെ പദ്ധതിയുടെ ചുമതലയേല്‍പിക്കും.
എഡിഎസ് തലത്തിലും സിഡിഎസ് തലത്തിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വിവരങ്ങള്‍ തേടുന്നവര്‍ നല്‍കുന്ന തുകയുടെ 10 ശതമാനമാണ് ചുമതലയുള്ളവരുടെ വരുമാനം. സൗജന്യമായി രജിസ്റ്റര്‍ ചെയ്തവരെ സിഡിഎസ് മുഖേന അന്വേഷിച്ചതിനുശേഷം മാത്രം ഈ വെബ്‌സൈറ്റിലെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കും.
അനുമതി ലഭിച്ചവര്‍ക്ക് കിട്ടിയ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഇതേ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിലാസവും ഫോണ്‍ നമ്പറും ഒഴികെയുള്ള വിവരങ്ങള്‍ സൗജന്യമായി കാണാവുന്നതാണ്. അനുയോജ്യമായവരെ കണ്ടെത്തിയാല്‍ മാത്രം നിശ്ചിത ഫീസ് നല്‍കി വിലാസവും ഫോണ്‍ നമ്പറും കരസ്ഥമാക്കാവുന്ന സംവിധാനമാണുള്ളത്.
ആദ്യ ഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്ന പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
14 ജില്ലകളിലും ഇതിനായി പ്രത്യേക ഓഫിസുകള്‍ തുറക്കും. ഓരോ ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവരെ പ്രത്യേകം നിയന്ത്രിക്കാനുള്ള അഡ്മിന്‍ സംവിധാനം ഈ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് റൈനോവെബ് ഉടമ മനീഷ് കുമാര്‍ മഞ്ചേരി വ്യക്തമാക്കി. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ വൈവാഹിക രംഗത്തെ ചൂഷണങ്ങള്‍ക്ക് തടയിടാനാവുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it