ഓണ്‍ലൈന്‍ ലോട്ടറി നിരോധനം പിന്‍വലിക്കാനാവില്ല

ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാനാവില്ലെന്ന് സുപ്രിംകോടതി. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ലോട്ടറി കമ്പനികളും വ്യാപാരികളും നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. കേന്ദ്ര ലോട്ടറി നിയമപ്രകാരം ഓണ്‍ലൈന്‍ ലോട്ടറിയും കടലാസ് ലോട്ടറിയും തമ്മില്‍ വേര്‍തിരിവില്ലെന്നും ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുകയാണെങ്കില്‍ കടലാസ് ലോട്ടറിയും നിരോധിക്കണമെന്നുമായിരുന്നു ഹരജിക്കാര്‍ വാദിച്ചതെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

2005 ജനുവരിയിലാണ് കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍, മെഷീനൈസ്ഡ് ലോട്ടറികള്‍ പൂര്‍ണമായി നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരേ നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും 2006 മേയ് 23ന് ഡിവിഷന്‍ ബെഞ്ചും സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചിരുന്നു. സര്‍ക്കാര്‍ തന്നെ ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികള്‍ നിരോധിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നായിരുന്നു ലോട്ടറി വ്യാപാരികളുടെ പ്രധാന വാദം. പേപ്പര്‍ ലോട്ടറിക്കും ഓണ്‍ലൈന്‍ ലോട്ടറിക്കും വേറെവേറെ നിയമമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, 1998ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം പേപ്പര്‍ ലോട്ടറികളാണെങ്കിലും ഓണ്‍ലൈന്‍ ലോട്ടറികളാണെങ്കിലും നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിലയിരുത്തി. ഈ അധികാരമാണ് കേരള സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്നത്. കടലാസ് ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറികളും രണ്ടായി വേര്‍തിരിച്ചാണു നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ഏതുതരത്തിലുള്ള ലോട്ടറിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിന് അതു പൂര്‍ണമായിട്ടും നിരോധിക്കാനുള്ള അധികാരമുണ്ടെന്നു കേന്ദ്ര നിയമത്തിന്റെ അഞ്ചാംവകുപ്പില്‍ പറയുന്നുണ്ട്. അതാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും വിലയിരുത്തിയിരിക്കുന്നതെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it