ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ടിക്കറ്റൊന്നിന് 3.25 രൂപയായി ചെലവു കുറയും

തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിലെ ഇടനിലക്കാെര ഒഴിവാക്കി ബംഗളൂരുവിലുള്ള കമ്പനിയുമായി കെഎസ്ആര്‍ടിസി കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിച്ചു. ഇടപാടിലെ വന്‍ നഷ്ടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എംഡി ടോമിന്‍ തച്ചങ്കരി കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു. ഇതോടെ ടിക്കറ്റൊന്നിന് 3.25 രൂപയായി ചെലവു കുറഞ്ഞു. കെല്‍ട്രോണ്‍, ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി എന്നിവര്‍ ഇടനിലക്കാരായ കരാര്‍പ്രകാരം ടിക്കൊറ്റൊന്നിന് 15.50 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടിയിരുന്നത്. രാജമാണിക്യം കെഎസ്ആര്‍ടിസി മേധാവിയായിരുന്നപ്പോള്‍ ടിക്കറ്റൊന്നിന് എട്ടുരൂപ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന നിലപാട് എടുത്തിരുന്നു. കെല്‍ട്രോണ്‍ ഇതിനെ എതിര്‍ത്തില്ല. കരാറില്‍ 15.50 രൂപ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷമായി എട്ടുരൂപയാണു നല്‍കുന്നത്. ഈ ഇടപാടിലൂടെ കോടികളുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. ആന്റണി ചാക്കോ എംഡിയായിരുന്നപ്പോള്‍ അഞ്ചുവര്‍ഷം മുമ്പാണ് കെല്‍ട്രോണുമായി കരാര്‍ ഒപ്പിട്ടത്. കെല്‍ട്രോ ണ്‍ ഈ കരാര്‍ ഊരാളുങ്കല്‍ സ ര്‍വീസ് സൊസൈറ്റിക്കും അവ ര്‍ അത് ബംഗളൂരു ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നല്‍കി. നേരിട്ടു കരാര്‍ നല്‍കാമായിരുന്നെങ്കിലും ഇടനിലക്കാരെ ആശ്രയിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് പുതിയ തീരുമാനം. ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ മറ്റു പല കോര്‍പറേഷനുകളും ഓണ്‍ലൈന്‍ സൗകര്യം നേടുന്നതായി ടോമിന്‍ തച്ചങ്കരി പറഞ്ഞു. രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ-സ്വകാര്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നത് ബംഗളൂരുവിലെ റേഡിയന്റ് കമ്പനിയാണ്. അവരുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് അംഗീകൃത നിരക്ക് കേന്ദ്ര ഏജന്‍സി നിശ്ചയിച്ചിട്ടുമുണ്ട്. ഇതുപ്രകാരം ടിക്കറ്റൊന്നിന് 3.25 രൂപയ്ക്ക് റേഡിയന്റ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കും. കെഎസ്ആര്‍ടിസിയില്‍ നിന്ന് കെ ല്‍ട്രോണ്‍ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി കത്ത് നല്‍കിയിട്ടുണ്ട്. ടോട്ടല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്ന നിലയില്‍ ഈടാക്കേണ്ടതില്‍ കൂടുതല്‍ ലാഭം കെല്‍ട്രോണ്‍ കൈപ്പറ്റിയതായി കണ്ടെത്തി. ദേശീയ നിരക്ക് പ്രകാരം പരമാവധി 5.50 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.
Next Story

RELATED STORIES

Share it