Pravasi

ഓണ്‍ലൈന്‍ യാചനക്കെതിരെ ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്‌



ദോഹ: റമദാനില്‍ നടക്കുന്ന ഓണ്‍ലൈന്‍ യാചനക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വകുപ്പിനു കീഴിലുള്ള യാചക വിരുദ്ധ വിഭാഗം തലവന്‍ ക്യാപ്റ്റന്‍ അബ്ദുല്ല സഅദ് അല്‍ദൂസരി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി. യാചകര്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഹൈടെക്ക് തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവസാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് യാചക തട്ടിപ്പ് നടത്തുന്നത്. ഒരു വ്യക്തിയുടെ രോഗ വിവരം വാട്ട്‌സ് ആപ്പിലൂടെ അയച്ചുകൊണ്ട് സഹായം ആവശ്യപ്പെടുകയും കുട്ടികളുടെയോ വൃദ്ധരുടെയോ ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും പ്രദര്‍ശിപ്പിക്കുകയും ഇവര്‍ക്ക് മാരകമായ രോഗം ബാധിച്ചതായും ചികില്‍സക്ക് ആയിരക്കണക്കിനു റിയാല്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് മറ്റൊരു രീതി. ഒരു നിശ്ചിത വ്യക്തിയെ തിരഞ്ഞെടുത്ത് അയാളുടെ വാട്ട്‌സ് ആപ്പ് നമ്പര്‍ കരസ്ഥമാക്കുകയും ദരിദ്ര ഇസ്്‌ലാമിക രാജ്യത്ത് സ്‌കൂളുകളും പള്ളികളും ആശുപത്രികളും നിര്‍മിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയും കാണപ്പെടുന്നതായി അബ്ദുല്ല അല്‍ദൂസരി ഓര്‍മപ്പെടുത്തി. വാട്ട്‌സ് ആപ്പിലൂടെ നല്‍കപ്പെടുന്ന വിവരങ്ങളെല്ലാം വ്യാജമായിരിക്കും. എന്നാല്‍ ഇത്തരം യാചകര്‍ ഉപയോഗിക്കുന്ന ഭാഷാ പ്രാവീണ്യത്തില്‍ പലരും വീണുപോകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം യാചകര്‍ക്കെതിരെയുള്ള നിയമങ്ങള്‍ സുവ്യക്തമാണ്. യാചന പിടിക്കപ്പെട്ടാല്‍ യാചിച്ച വ്യക്തികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും രാജ്യത്തെത്തി യാചന നടത്തുന്നവരെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായും എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗവുമായി സഹകരിച്ച് നാട് കടത്തുന്നതാണെന്നും അബ്ദുല്ല അല്‍ദൂസരി മുന്നറിയിപ്പുനല്‍കി.യാചകരെ ശ്രദ്ധയില്‍പ്പെട്ടാല്‍ 33618627 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലും 2347444 എന്ന നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണ്.
Next Story

RELATED STORIES

Share it