ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്: മൂന്നുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുസംഘത്തിലെ മൂന്നുപേര്‍ പെരിന്തല്‍മണ്ണയി ല്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ പട്ടാണി സക്കീ ര്‍ ഹുസയ്ന്‍ (30), അത്തിക്കാട്ടില്‍ മുഹമ്മദ് തസ്‌ലീം (28), മണ്ണാര്‍മല സ്വദേശി അയിലക്കര അബ്ദുല്‍ ബാരിസ് (27) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡി വൈഎസ്പി എം പി മോഹനചന്ദ്രന്റെ കീഴിലുള്ള അന്വേഷണ സംഘം എടിഎം കാര്‍ഡുകളും പണവും പാസ്ബുക്കുകളും വാഹനവും സഹിതം പെരിന്തല്‍മണ്ണ ബൈപാസില്‍ വച്ചു പിടികൂടിയത്. സംഘത്തില്‍ നിന്നു പല പേരിലുള്ള 60ഓളം പ്രമുഖ ബാങ്കുകളുടെ എടിഎം കാര്‍ഡുകളും മൂന്നു ലക്ഷത്തിലധികം ഇന്ത്യന്‍ കറന്‍സി നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴി ബാങ്കുകളുടെ ഇടപാടുകാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു പ്രമുഖ കമ്പനികളുടെ ലക്ഷക്കണക്കിനു രൂപ സമ്മാനമുള്ള ഓണ്‍ലൈന്‍ ലക്കി ബംബര്‍ ലോട്ടറിയടിച്ചിട്ടുണ്ടെന്നും ജിഎസ്ടി നികുതിയായി 25,000 മുതല്‍ 50,000 രൂപ വരെ അടയ്ക്കാനാവശ്യപ്പെടുന്നതാണ് രീതി. ഉപഭോക്താവിനെ വിശ്വസിപ്പിക്കാനായി രേഖകളും മറ്റും വ്യാജമായി നിര്‍മിച്ച് ഫോട്ടോയടക്കം ആളുകള്‍ക്ക് അയച്ചുകൊടുക്കുന്നു. തുടര്‍ന്ന്, ഏജന്റുമാര്‍ മുഖേന കേരളത്തിലങ്ങോളം പല ഭാഗങ്ങളിലെ പ്രമുഖ ബാങ്കുകളിലായി തുടങ്ങി എടിഎം കാര്‍ഡ് തങ്ങളുടെ കൈവശമുള്ള അക്കൗണ്ടുകളുടെ നമ്പറുകള്‍ പ്രതികള്‍ നേരത്തേ കൊടുത്തതിനനുസരിച്ച് ഇടപാടുകാര്‍ക്ക് അയച്ചുകൊടുക്കുന്നു. അക്കൗണ്ടില്‍ പണം നിക്ഷേപിച്ചയുടനെ കേരളത്തിലെ പല ഭാഗങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്നായി പിന്‍വലിക്കുകയും ചെയ്യുന്നു. ഈ പണം വൈകീട്ട് ബാങ്ക് സമയം കഴിഞ്ഞാല്‍ വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ്, കൊല്‍ക്കത്ത തുടങ്ങി ഉത്തരേന്ത്യയിലെ ഭായി’എന്നു വിളിക്കുന്നവര്‍ ഇന്റ ര്‍നെറ്റ്, വാട്‌സ്ആപ്പ് വഴി പറയുന്ന സ്ഥലത്ത് വച്ച് ഏജന്റുമാര്‍ക്ക് കൈമാറുന്നു. ഒരു വിഹിതം ഇവര്‍ക്കും കൊടുക്കുന്നു. ഇതുവരെ ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിക്കുന്ന പണം ഉത്തരേന്ത്യ ന്‍ സംസ്ഥാനങ്ങളി ല്‍ തന്നെയുള്ള ഏതെങ്കിലും വ്യാജ അക്കൗണ്ടുകള്‍ വഴി ഓണ്‍ലൈന്‍ പര്‍ച്ചേസിനാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതു മാറി പണമായിത്തന്നെ കൈക്കലാക്കാനുള്ള വഴിയും ഉത്തരേന്ത്യന്‍ തട്ടിപ്പുലോബികള്‍ കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആളുകളെ വച്ചു ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി എ ടി എം കാര്‍ഡും പാസ്ബുക്കും കൈക്കലാക്കി തട്ടിപ്പുസംഘത്തിനു കൈമാറുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.ഈ സംഘത്തിലെ കേരളത്തിലെ മറ്റു ജില്ലകളിലെ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും പ്രതികളുടെ കൈയില്‍ നിന്നു ലഭിച്ച കാര്‍ഡുകളുപയോഗിച്ചു നടത്തിയ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണസംഘത്തലവന്‍ കൂടിയായ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ അറിയിച്ചു.
മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാറിന് ഓ ണ്‍ലൈന്‍ തട്ടിപ്പിലെ മലയാളികളുള്‍പ്പെടുന്ന സംഘത്തെ കുറിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ വലയിലാക്കിയത്. പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ജിത്ത് ലാല്‍, ഷാഡോ പോലിസിലെ എഎസ്‌ഐ സി പി മുരളീധരന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, പി അനീഷ്, ദിനേഷ്, ജയമണി, ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.



Next Story

RELATED STORIES

Share it