ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്

തിരുവനന്തപുരം: കൊച്ചിയില്‍ പിടിയിലായ ഓണ്‍ലൈന്‍ പെ ണ്‍വാണിഭ സംഘം മനുഷ്യക്കടത്തും നടത്തിയതായി പോലിസ് കണ്ടെത്തി. കേസിലെ പ്രധാനപ്രതിയായ അബ്ദുല്‍ ഖാദറാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ വിദേശത്തേക്ക് സ്ത്രീകളെ കടത്തിയത്. തിങ്കളാഴ്ച പോലിസ് കസ്റ്റഡിയില്‍ ലഭിച്ച അബ്ദുല്‍ ഖാദറിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പോലിസിനു ലഭിച്ചത്. രണ്ടുമാസം മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അഞ്ചു സ്ത്രീകളെയാണ് ഇയാള്‍ വിദേശത്തേക്കു കടത്തിയത്. വീട്ടുജോലിക്കെന്ന പേരില്‍ വ്യാജരേഖയുണ്ടാക്കിയായിരുന്നു കടത്ത്.
തിരുവനന്തപുരം സ്വദേശിയായ ഒരു സ്ത്രീയെ ഇത്തരത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇതിനായി കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് അഭിമുഖം നടത്തിയെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. വിദേശത്തെ സെക്‌സ് റാക്കറ്റുകളുമായി ചേര്‍ന്ന് അവസാനമായി ദുബയ്, ബഹ്‌റയ്ന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്കാണ് യുവതികളെ കടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപമുള്ള ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.
കഴിഞ്ഞദിവസം പിടിയിലായ അച്ചായനെന്ന ജോഷിയും ഇവരെ സഹായിച്ചിരുന്നു. സംഘത്തിന്റെ ഫേസ്ബുക്കും ചാറ്റും മറ്റ് സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്തതിരുന്നത് ജോഷിയുടെ സഹായിയായ അനൂപാണ്. സ്വകാര്യബാങ്കിലെ ബിസിനസ് എക്‌സിക്യൂട്ടീവ് കൂടിയായ അനൂപാണ് ഓണ്‍ലൈനിലൂടെ പെണ്‍കുട്ടികളുടെ പട്ടികയുണ്ടാക്കി ഇവരെ വലയിലാക്കാനുള്ള സഹായങ്ങള്‍ സംഘത്തിന് ചെയ്തുകൊടുത്തതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ബാങ്കിലെ ജോലിക്കു പുറമെ ജോഷിയില്‍നിന്നു പ്രതിഫലം ലഭിച്ചിരുന്നതായി അനൂപ് പോലിസിനോടു സമ്മതിച്ചിട്ടുണ്ട്. രാഹുല്‍ പശുപാലനും രശ്മിയുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി ജോഷിക്ക് അടുപ്പമുള്ളതായും പോലിസ് സ്ഥിരീകരിച്ചു.
സ്ത്രീകളെ കടത്തുന്നതില്‍ രാഹുലിനും രശ്മിക്കുമുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്തു നടന്നുവെന്നു സംശയിക്കുന്നതായി അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും ഇത്തരത്തില്‍ കടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പെണ്‍വാണിഭ സംഘത്തിന് പ്രധാനമായും പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ജോഷി ആണെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ജോഷിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണസംഘം ഇന്നലെ കോടതിയെ സമീപിച്ചു. ജോഷിക്ക് ഉന്നതബന്ധങ്ങളുണ്ടെന്നും ഇടപാടുകാരില്‍ പലരും വിദേശികളാണെന്നും പോലിസ് കോടതിയെ അറിയിച്ചു. 10 വര്‍ഷത്തിലധികമായി ജോഷി ഈ രംഗത്തു പ്രവര്‍ത്തിക്കുകയാണ്. ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ ഇരകളെ അപായപ്പെടുത്തുമെന്നും പോലിസ് അറിയിച്ചു. ജോഷിയെ കസ്റ്റഡിയില്‍ വേണമെന്ന പോലിസിന്റെ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
അതേസമയം, കേസിലെ മുഖ്യപ്രതിയായ രാഹുല്‍ പശുപാലന്റെ ലാപ്‌ടോപ്പിനെക്കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. രാഹുലിന്റെ കൊച്ചിയിലെ ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ പോലിസിന് ലാപ്‌ടോപ്പ് കണ്ടെടുക്കാനായില്ല. റെയ്ഡില്‍ ഒരു ഹാര്‍ഡ് ഡിസ്‌ക്കും ടാബും എതാനും സിഡികളുമാണു പിടിച്ചെടുത്തിട്ടുള്ളത്. എന്നാല്‍, രാഹുലിന് ഒരു ലാപ്‌ടോപ്പ് ഉണ്ടെന്നും ഇതുപയോഗിച്ചാണ് നിരവധിപേരെ ബ്ലാക്ക്‌മെയില്‍ ചെയ്തതെന്നുമാണ് പോലിസിനു ലഭിച്ചിട്ടുള്ള വിവരം. ഇതിനിടെ, ആലുവയിലെ റിസോര്‍ട്ടില്‍ റെയ്ഡ് സമയത്ത് പോലിസിനെ ഇടിച്ചിട്ട് കാറുമായി കടന്നത് അച്ചായന്‍ അല്ലെന്ന് പോലിസ് പറയുന്നു.
ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റു ചിലരാണ് കാറിലുണ്ടായിരുന്നത്. രക്ഷപ്പെട്ട സ്ത്രീകള്‍ മുബീനയും വന്ദനയുമാണെന്നു സ്ഥിരീകരിച്ചെങ്കിലും അവരെ പിടികൂടാനായിട്ടില്ല. രാഹുലും രശ്മിയും ഉള്‍പ്പെടെയുള്ള പ്രതികളെ സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ആരംഭിച്ചു. അനൂപിന്റെ സഹായത്തോടെ ജോഷി പെണ്‍വാണിഭത്തിനായി ഉപയോഗിച്ചുവന്ന ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ പരിശോധനയ്ക്ക് സിഡാക്കിനു കൈമാറും.
Next Story

RELATED STORIES

Share it