ഓണ്‍ലൈന്‍ പെണ്‍വാണിഭം: ബംഗളൂരു പോലിസും അന്വേഷണത്തില്‍ പങ്കാളികളാവും

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കര്‍ണാടക സ്വദേശിനികളായ പെണ്‍കുട്ടികളും ഇരകളായ പശ്ചാത്തലത്തില്‍ കേരള പോലിസിന്റെ അന്വേഷണത്തില്‍ ബംഗളൂരു പോലിസും സഹകരിക്കും. ബംഗളൂരു ലിംഗരാജപുരത്ത് താമസിക്കുന്ന കോട്ടയം സ്വദേശിനിയായ ലിനീഷ് മാത്യുവാണ് പെണ്‍കുട്ടികളെ കേരളത്തില്‍ എത്തിച്ചതെന്നു വ്യക്തമായ സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ബംഗളൂരു പോലിസിന് കത്തു നല്‍കും.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തുമായി ബംഗളൂരു പോലിസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബംഗളൂരു പോലിസിന്റെ സഹായത്തോടെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ബംഗളൂരുവില്‍ സ്വന്തമായി നടത്തുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി ലിനീഷ് മാത്യു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ടോ എന്നു പോലിസ് പരിശോധിക്കും. അതേസമയം, ചുംബനസമരത്തിലൂടെ ലഭിച്ച പ്രശസ്തി രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മി ആര്‍ നായരും പെണ്‍വാണിഭത്തിനു മറയാക്കിയതായി പോലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഈ പ്രശസ്തി ഉപയോഗിച്ച് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുമ്പോഴുള്ള വിനിമയനിരക്കുകള്‍ ഇവര്‍ വര്‍ധിപ്പിച്ചു. സമരത്തിന്റെ പേരില്‍ പോലിസിനെയും അകറ്റാനായതോടെ റെയ്ഡുണ്ടാവുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നില്ല.
കേരളത്തിലെ ആദ്യ ബിക്കിനി മോഡലെന്ന വിശേഷണം ഉപയോഗിച്ച് രശ്മി ഇടപാടുകള്‍ക്ക് 80,000 രൂപ വരെ വാങ്ങിയിരുന്നതായും കണ്ടെത്തി. രാഹുലും രശ്മിയും നിരവധി പേരെ ബ്ലാക്‌മെയില്‍ ചെയ്ത് കുടുക്കിയതായി തെളിഞ്ഞിട്ടുണ്ട്.
ഇന്റര്‍നെറ്റിലൂടെ വെബ്ക്യാം ഉപയോഗിച്ചുള്ള ചാറ്റിലൂടെയാണ് രശ്മി പെണ്‍കുട്ടികളെ വലയിലാക്കിയത്. പെണ്‍വാണിഭസംഘത്തിന്റെ പ്രധാന ഇടനിലക്കാരി രശ്മിയായിരുന്നു. അറസ്റ്റിനു ശേഷം രാഹുലിന്റെയും രശ്മിയുടെയും ഫഌറ്റിലും വീട്ടിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പും കംപ്യൂട്ടറും ടാബും പരിശോധിച്ചപ്പോഴാണ് പോലിസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
വെബ്കാമറാ ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ഇത് സൈബര്‍ പോലിസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരുകയാണ്. അതിനിടെ രാഹുല്‍ പശുപാലന്‍ അടക്കമുള്ള ആറു പേരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ ഇന്നു കോടതി തീരുമാനമെടുക്കും. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ 12 പേരാണ് ഇപ്പോള്‍ റിമാന്‍ഡിലുള്ളത്.
Next Story

RELATED STORIES

Share it