ഓണ്‍ലൈന്‍ പെണ്‍വാണിഭം: ഫേസ്ബുക്കിനെ പ്രതി ചേര്‍ക്കുന്നത് പരിഗണിക്കാം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയകളിലൂടെ കുട്ടികളുടെ അശ്ലീലവീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നതു സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് റിപോര്‍ട്ട് തേടി. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജ് വഴിയാണ് കേരളത്തില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും ഓണ്‍ലൈന്‍ പെണ്‍വാണിഭം നടന്നതുമെന്നു കാട്ടി സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രിംകോടതി റിപോര്‍ട്ട് തേടിയത്. ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന കേസുകളുടെ പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, യു യു ലളിത് എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ സാമൂഹിക നീതി ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അടുത്തമാസം എട്ടിനുള്ളില്‍ സര്‍ക്കാര്‍ റിപോര്‍ട്ട് നല്‍കണം. കേന്ദ്രസര്‍ക്കാരിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം ഈ വിഷയത്തില്‍ ഫേസ്ബുക്കിനെ പ്രതിസ്ഥാനത്തു നിര്‍ത്തണോ വേണ്ടയോ എന്നു പരിശോധിക്കാമെന്ന് മദന്‍ ബി ലോക്കൂര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ വ്യക്തമായ സംവിധാനം വേണമെന്നും കോടതി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ സംവിധാനം രൂപീകരിക്കാനാവുമോയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. മുംബൈയില്‍ 15കാരിയായ സഹപാഠിയെ അഞ്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും അതു വീഡിയോയില്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവവും ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു. ഈ കേസിലും കോടതി സര്‍ക്കാരിനോടു വിശദീകരണം തേടിയിട്ടുണ്ട്. ബലാല്‍സംഗ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അതു പ്രചരിപ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്. പലപ്പോഴും ഇത്തരം ദൃശ്യങ്ങള്‍ ഇരകളെ ഭീഷണിപ്പെടുത്താനും അവരെ നിശ്ശബ്ദമാക്കാനുമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നൂറോളം വീഡിയോകള്‍ തനിക്കു ലഭിച്ചിട്ടുണ്ടെന്നും സുനിത കൃഷ്ണന്‍ കോടതിയെ അറിയിച്ചു. വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചപ്പോള്‍ ഇത്തരം സൈറ്റുകള്‍ക്കെതിരേ നടപടിയെടുക്കുകയും അവ ബ്ലോക്ക്‌ചെയ്യുകയും വേണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.
ഇത്തരം കേസുകള്‍ കൈകാര്യംചെയ്യാന്‍ ദേശീയതലത്തില്‍ സംവിധാനം വേണം. പലപ്പോഴും ഇരകള്‍ മാനഹാനി ഭയന്നോ തിരിച്ചറിയുമെന്നു കരുതിയോ ആണ് പരാതി നല്‍കാത്തത്. അതിനാല്‍ തിരിച്ചറിയപ്പെടാത്ത വിധത്തില്‍ വീഡിയോ സഹിതം പരാതിപ്പെടാന്‍ കഴിയണം. ഇത്തരം വീഡിയകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വമേധയാ കേസെടുക്കാനും സൈബര്‍ പോലിസിന് അധികാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it