ഓണ്‍ലൈന്‍ പെണ്‍വാണിഭം: ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ദിവസങ്ങളായി പോലിസ് തിരയുന്ന മോഡല്‍ ഉള്‍പ്പെടെ രണ്ടു യുവതികള്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി മുബീന, അമ്പലപ്പുഴ സ്വദേശിനി വന്ദന എന്നിവരാണ് പിടിയിലായത്. നെടുമ്പാശ്ശേരിയില്‍ റെയ്ഡിനിടെ ഇവര്‍ പോലിസുകാരെ കബളിപ്പിച്ച് കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു.
നാഗര്‍കോവിലിന് സമീപത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന സുല്‍ഫിക്കര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇവരെ രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ആയുര്‍വേദ റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്ന സംഘത്തെ തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. താത്ത എന്നു വിളിക്കപ്പെടുന്ന പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണ് ഇവരെ റിസോര്‍ട്ടിലേക്ക് എത്തിച്ചതെന്നാണ് പോലിസിന് ലഭിച്ച വിവരം.
കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി ആഷിഖിന്റെ ഭാര്യയാണ് മുബീന. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് വാണിഭം നടത്തിവന്ന സെക്‌സ് റാക്കറ്റ് ഈ മാസം 18നാണ് ഓപറേഷന്‍ ബിഗ് ഡാഡി എന്ന പോലിസ് നടപടിയിലൂടെ പിടിയിലായത്.
സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ വിവിധ ജില്ലകളില്‍ നിന്ന് 12 പേരെയാണ് അന്ന് പോലിസ് അറസ്റ്റ് ചെയ്തത്. ചുംബനസമര കൂട്ടായ്മയുടെ മുന്‍നിര പ്രവര്‍ത്തകരായ രാഹുല്‍ പശുപാലന്‍, രശ്മി ആര്‍ നായര്‍ എന്നിവരും അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി കേസിലെ മുഖ്യപ്രതിയായ ജോഷി എന്ന അച്ചായനും അറസ്റ്റിലായി.
നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ ഇടപാടുകാരെന്ന വ്യാജേന എത്തിയ പോലിസ് സംഘത്തെ കബളിപ്പിച്ച് രണ്ടു സ്ത്രീകള്‍ രക്ഷപ്പെടുകയായിരുന്നു. അന്ന് രക്ഷപ്പെട്ടത് വന്ദനയും മുബീനയുമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അതിനുശേഷം ഇവര്‍ക്കായി പോലിസ് തിരച്ചില്‍ നടത്തിവരികെയാണ് അറസ്റ്റിലാവുന്നത്.
Next Story

RELATED STORIES

Share it