ഓണ്‍ലൈന്‍: നെറ്റ് തകരാറിലായാല്‍ രജിസ്‌ട്രേഷന്‍ മുടങ്ങുമെന്ന് ആശങ്ക

തൃശൂര്‍: ഇനിമുതല്‍ നെറ്റ് തകരാറായാല്‍ ഭൂമിയുടെയും കെട്ടിടങ്ങളുടെയും രജിസ്‌ട്രേഷന്‍ നടക്കില്ല. രജിസ്‌ട്രേഷന്‍ വകുപ്പ് ഓണ്‍ലൈന്‍ പരിഷ്‌കാരം നടപ്പാക്കുന്നതോടെയാണ് ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ അവസ്ഥയുണ്ടാവാന്‍ പോവുന്നത്.
ജനുവരിയോടെ സംസ്ഥാനത്തെ എല്ലാ രജിസ്‌ട്രേഷന്‍ നടപടികളും ഓണ്‍ലൈനിലേക്ക് മാറുകയാണ്. അതിന്റെ ഭാഗമായി ഇപ്പോള്‍തന്നെ സംസ്ഥാനത്തെ മിക്കവാറും രജിസ്‌ട്രേഷന്‍ ഓഫിസുകളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുന്നുണ്ട്. തുടക്കത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഓഫിസുകളില്‍ മാത്രമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കിയിരുന്നത്. അത് എല്ലാ സ്ഥലത്തേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് ഓഫിസ് പ്രവര്‍ത്തനം സ്തംഭനത്തിലായിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി പല ജില്ലകളിലെയും രജിസ്‌ട്രേഷന്‍ നടപടികള്‍ മുടങ്ങിയിരിക്കുകയാണ്. കുടിക്കടം, ഒറ്റരേഖയ്ക്കുള്ള അപേക്ഷകള്‍, പകര്‍പ്പെടുക്കല്‍ നടപടികളും നിര്‍ത്തിവച്ചിട്ടുണ്ട്. ഇനിമുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാണ് പണമടക്കേണ്ടത്. 15 ദിവസത്തിനകം ഓണ്‍ലൈനായിതന്നെ രേഖകള്‍ ലഭ്യമാവുകയും ചെയ്യും. വസ്തു രജിസ്‌ട്രേഷന് ആധാരത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കി സമയം എടുക്കുകയാണ് വേണ്ടത്.
സമയം ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. കേന്ദ്രസര്‍ക്കാര്‍ പേപ്പര്‍ രഹിത ഓഫിസുകള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ ഡിജിറ്റലാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ പരിഷ്‌കാരങ്ങള്‍ സംസ്ഥാനത്തും നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it