ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയ സ്വദേശി അറസ്റ്റില്‍

മലപ്പുറം: ഓണ്‍ലൈന്‍ ചീറ്റിങ് കേസില്‍ മുഖ്യ പ്രതിയായ ആഫ്രിക്കന്‍ വംശജനെ മലപ്പുറം പോലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഡല്‍ഹി മെഹ്‌റോളിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയും ഡല്‍ഹിയി ല്‍ താമസിച്ചുവരുകയുമായിരുന്ന ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് (23) ആണ് അറസ്റ്റിലായത്. ആപ്പിള്‍ ഐ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്ന പരസ്യം കണ്ട് പണമടച്ചെങ്കിലും ഫോണ്‍ ലഭിക്കാതായതോടെ മഞ്ചേരി സ്വദേശി നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ലഭ്യമായ അക്കൗണ്ട് വിവരങ്ങളും മറ്റും അടിസ്ഥാനമാക്കി ഡല്‍ഹിയിലെത്തിയ പോലിസ് സ്ഥലത്തെ ധനകാര്യസ്ഥാപനങ്ങളും മൊബൈല്‍ കടകളും മറ്റും കേന്ദീകരിച്ച് മൂന്ന് ദിവസത്തോളം രഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. പോലിസിന്റെ സാന്നിധ്യം അറിത്ത് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പോലിസ് കീഴ്‌പ്പെടുത്തിയത്. പ്രതി ഉപയോഗിച്ച വാട്‌സാപ്പ് നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം നടത്തിയത്. പണം കിട്ടിയ ഉടനെ പ്രതി വിളിക്കാനുപയോഗിച്ചിരുന്ന നമ്പര്‍ ഉപേക്ഷിച്ചിരുന്നു. ലക്ഷക്കണക്കിന് വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് വ്യാജ എസ്എംഎസ് അയക്കുകയും അത് ലഭിക്കുന്നതിനായി സെക്യൂരിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന് വിശ്വസിപ്പിച്ച് പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുക, വിദേശത്ത് വിവിധ ജോലികള്‍ വാഗ്ദാനം നല്‍കി പരസ്യം നല്‍കുക, വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ സൃഷ്ടിച്ച് സൗഹൃദവും പ്രണയവും സ്ഥാപിച്ചെടുക്കുക, കൂടാതെ തട്ടിപ്പില്‍ കുരുങ്ങിയ ആളുകളെ കാണാന്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ പിടിച്ചുവച്ചിരിക്കുന്നെന്ന് പറഞ്ഞ് അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുക, സംശയമുണ്ടാവാത്ത രീതിയില്‍ അക്കൗണ്ട് ഉടമകളെ വിളിച്ച് എടിഎം കാര്‍ഡ് നമ്പര്‍, ഒടിപി നമ്പര്‍ എന്നിവ ചോദിച്ച് വാങ്ങുക തുടങ്ങിയ രീതിയിലാണ് തട്ടിപ്പ്.   ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുപോന്നു. മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദേശപ്രകാരം മഞ്ചേരി എസ്‌ഐ റിയാസ് ചാക്കീരിയുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ് എ മുഹമ്മദ് ഷാക്കിര്‍, എന്‍ എം അബ്ദുല്ല ബാബു, പി മുഹമ്മദ് സലീം എന്നിവരാണ് ഡല്‍ഹിയില്‍ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it