ഓണ്‍ലൈന്‍ തട്ടിപ്പ്; അന്തര്‍ സംസ്ഥാന സംഘത്തിലെ പ്രധാനി പിടിയില്‍

പത്തനംതിട്ട: എടിഎം ഉപയോഗിച്ച് ഓണ്‍ ലൈന്‍ തട്ടിപ്പ് നടത്തുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ പ്രധാനി പിടിയില്‍. ഡല്‍ഹി ഉത്തംനഗറില്‍ താമസമാക്കിയ ഹിമാചല്‍ സ്വദേശി ആഷിഷ് ദിമാന്‍ ആണ് പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പന്തളം പോലിസാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പ് പണം സൂക്ഷിക്കുന്നതിനായി ഫെഡറല്‍ ബാങ്ക് ആലുവ ശാഖയില്‍ ഇയാള്‍ തുറന്ന അക്കൗണ്ടില്‍ 5.75 ലക്ഷം രൂപയുള്ളതായി പോലിസ് കണ്ടെത്തി.
പന്തളം സിഎം ആശുപത്രിയിലെ ഡോ. പ്രേം കൃഷ്ണന്‍ ജില്ലാ പോലിസ് മേധാവി ജേക്കബ് ജോബിന് നല്‍കിയ പരാതിയില്‍ പന്തളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തി വരികയായിരുന്നു. കഴിഞ്ഞ 11ന് ഡോ. പ്രേമിന്റെ അക്കൗണ്ടില്‍ നിന്ന് 39,000 രൂപ നഷ്ടമായിരുന്നു. ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വളരെ ആസൂത്രിതമായിട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഒരു ബാങ്ക് ഒരു കാലയളവില്‍ പുറത്തിറക്കുന്ന എടിഎം കാര്‍ഡ് സീരീസിന്റെ ആദ്യത്തെ നാല് അക്കങ്ങള്‍ ഒരുപോലെയായിരിക്കും. ഇതും കൈകാര്യം ചെയ്യുന്നയാളുടെ ഫോണ്‍ നമ്പറും മനസ്സിലാക്കിയ ശേഷമാവും ഉപയോക്താവിനെ വിളിക്കുക. വിശ്വാസം ഉറപ്പിക്കുന്നതിനായി എടിഎം കാര്‍ഡിലെ ആദ്യ നാലക്ക നമ്പര്‍ പറയും. ഇതോടെ ഉപയോക്താവ് വിശ്വസിക്കും. തുടര്‍ന്ന്, ശേഷിച്ച എട്ട് അക്കങ്ങള്‍ കൂടി അവരോട് പറയാന്‍ പറയും. തങ്ങള്‍ വിളിച്ചത് യഥാര്‍ഥ കസ്റ്റമറെ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നതിനാണിത് എന്നും പറയും. അതിനു ശേഷമാണ് ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡ് നിങ്ങള്‍ക്ക് പ്രിന്റു ചെയ്തു കഴിഞ്ഞുവെന്ന് അറിയിക്കുന്നത്. ഇത് ഉറപ്പുവരുത്താന്‍ ഒരു വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) വരുമെന്നും അത് പറയണമെന്നും പറയും. ഇതിനോടകം കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് സംഘം തട്ടിപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കും. ഡോ. പ്രേം കൃഷ്ണനില്‍ നിന്ന് മൂന്നു തവണയാമൂന്നാമത്തെ പണത്തിന്റെ കൈമാറ്റം കഴിഞ്ഞപ്പോഴാണ് മൊബൈലില്‍ വന്ന പണം പിന്‍വലിച്ചുകൊണ്ടുള്ള സന്ദേശം ഡോക്ടര്‍ കണ്ടത്. തട്ടിപ്പ് മനസ്സിലായതോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ആലുവ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് മനസ്സിലായി. ആഷിഷ് ദിമാന്റെ പേരിലുള്ള ആലുവയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്ക് മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. അതിനുശേഷം അക്കൗണ്ടില്‍ ചെറിയ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ആഷിഷിനെ വിളിച്ചുവരുത്തുകയായിരുന്നു. ഡല്‍ഹിയിലേക്കു പോവാനെടുത്ത ട്രെയിന്‍ ടിക്കറ്റുമായാണ് ഇയാള്‍ ബാങ്കിലെത്തിയത്. അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘം ഒരു മള്‍ട്ടി നാഷനല്‍ കമ്പനിയുടെ അച്ചടക്കത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണസംഘത്തലവന്‍ അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് പറഞ്ഞു. വന്‍തുകയാണ് ഇതിലെ ജീവനക്കാര്‍ക്ക് ശമ്പളം. ഷാഡോ പോലിസ് അംഗങ്ങളായ അജി സാമുവല്‍, രാധാകൃഷ്ണന്‍, സുനില്‍, രാജേന്ദ്രന്‍ പിള്ള അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it