ഓണ്‍ലൈന്‍ ഡേറ്റിങിലൂടെയുള്ള പീഡനം ബ്രിട്ടനില്‍ വര്‍ധിക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ ഓണ്‍ലൈന്‍ ഡേറ്റിങ് സേവനം വഴി പരിചയപ്പെടുന്നവരില്‍ നിന്നു ലൈംഗിക പീഡനം നേരിടേണ്ടിവരുന്ന കേസുകള്‍ വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ട്. 2009ല്‍ 33 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2014ല്‍ ഇത് 184 ആയി വര്‍ധിച്ചതായി നാഷനല്‍ ക്രൈം ഏജന്‍സി(എന്‍സിഎ) വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ ബലാല്‍സംഗത്തിനിരയാകുന്നവരില്‍ 85 ശതമാനം സ്ത്രീകളാണ്. ഇതില്‍ 42 ശതമാനം 20നും 29നുമിടയില്‍ പ്രായമുള്ളവരും 24 ശതമാനം പേര്‍ 40നും 49നുമിടയില്‍ പ്രായമുള്ളവരുമാണ്. 90 ലക്ഷത്തിലധികം പേര്‍ രാജ്യത്ത് ഓണ്‍ലൈന്‍ ഡേറ്റിങ് സേവനങ്ങള്‍ ഉപയോഗിക്കുന്നു. ബലാല്‍സംഗത്തിനിരയാകുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാവാമെന്നും എന്നാല്‍, പലരും പരാതിപ്പെടുന്നില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ഓണ്‍ലൈനില്‍ പരിചയപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെയാണ് ഡേറ്റിങ് വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ 43 ശതമാനം പേരും നേരിട്ടു കാണുന്നത്. കുറ്റകൃത്യങ്ങളില്‍ വന്ന വര്‍ധന സംബന്ധിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് എന്‍സിഎ ഉദ്യോഗസ്ഥന്‍ സീന്‍ ഷട്ടണ്‍ പറഞ്ഞു. ലൈംഗികാതിക്രമക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഡേറ്റിങ് സേവനങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതു പരിശോധിച്ച് നടപടിയെടുക്കും. പീഡനങ്ങള്‍ക്കിരയാവുന്നവരെ പോലിസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിക്കുന്നതിനുതകുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it