thiruvananthapuram local

ഓണത്തിന് പച്ചക്കറി സ്വന്തം വീട്ടുമുറ്റത്തു നിന്നും



തിരുവനന്തപുരം: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് തന്നെ ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി സംസ്ഥാന കൃഷിവകുപ്പ്.  ഇതിനായി കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയ്ക്കായി വിത്തുകള്‍, തൈകള്‍, തൈകള്‍ നട്ടുപിടിപ്പിച്ച ഗ്രോബാഗുകള്‍ എന്നിവ നല്‍കും.  സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഓണത്തിന് കുറഞ്ഞത് 5 ഇനം പച്ചക്കറി എങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉല്‍പാദിപ്പിച്ചെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  ഇതിനു വേണ്ട പരിശീലനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍, സ്വയംസഹായസംഘങ്ങള്‍, വീട്ടമ്മമാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് നല്‍ക്കും. വീട്ടുവളപ്പില്‍ കൃഷി ചെയ്യുവാനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖേനയും കര്‍ഷകര്‍ മുഖേനയും വിവിധ ഇനങ്ങള്‍ അടങ്ങിയ 40 ലക്ഷം പച്ചക്കറി വിത്തുപായ്ക്കറ്റുകള്‍ ഉടനെ തന്നെ നല്‍കും. പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിച്ച 37000 ഗ്രോബാഗ് യൂണിറ്റുകള്‍ക്ക് പുറമേ മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ 75000 ഗ്രോബാഗ് യൂണിറ്റുകളില്‍ വീണ്ടും കൃഷി ചെയ്യാനായി വിത്ത്, തൈകള്‍, മറ്റ് ഉല്‍പാദന ഉപാധികള്‍ എന്നിവയും ലഭ്യമാക്കും. പച്ചക്കറി ഉല്‍പാദനത്തില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉല്‍പാദനത്തി ല്‍ മാത്രമല്ല വിപണനത്തിലും വിലനിയന്ത്രണത്തിലും സര്‍ക്കാര്‍ നേരിട്ട് ഇടപെടല്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it