ernakulam local

ഓഡിറ്റ് റിപ്പോര്‍ട്ട് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ച ചെയ്യണം: യുഡിഎഫ്

കളമശ്ശേരി: കളമശ്ശേരി നഗരസഭയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ്. ഭരിക്കുന്ന നഗരസഭയിലെ  മൂന്ന് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ അടക്കം 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട നിവേദനം നഗരസഭ ചെയര്‍പേഴ്‌സനും സെക്രട്ടറിക്കും നല്‍ക്കി. നഗരസഭക്ക് ലഭിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭ അധികൃതര്‍ കൈപ്പറ്റി ഒരു മാസത്തിനകം നഗരസഭയുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യേണ്ടതും, ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും, അതിന്‍മേല്‍ നഗരസഭ എടുത്ത തിരുമാനത്തിന്റെയും പകര്‍പ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുതേണ്ടതാണെന്ന് 1997ലെ കേരള മുനിസിപ്പാലിറ്റി നിയമം ചട്ടങ്ങളില്‍ അനുശാസിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഡിസംബറില്‍ ലഭിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്യാനോ  ചര്‍ച്ച ചെയ്യാനോ നഗരസഭ തയ്യാറാകാത്ത സഹചര്യത്തിലാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ ചര്‍ച്ച ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത.് ഓഡിറ്റ് നടത്തി കണ്ടെത്തിയ 30 അന്വേഷണകുറിപ്പുകളില്‍ 17 എണ്ണത്തിന് മാത്രമാണ് ഓഡിറ്റ് വിഭാഗത്തിന് മറുപടി ലഭിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് കൈപ്പറ്റി രണ്ട് മാസത്തിനകം ഇതില്‍ ഉള്‍പ്പെടുന്ന ഓഡിറ്റ് പരാമര്‍ശങ്ങള്‍, തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വികരിക്കേണ്ടതാണ്. 2016-17 വര്‍ഷം നഗരസഭയിലെ 10 12, വാര്‍ഡുകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നതിന് റോഡുകള്‍ കട്ടിംഗ് നടത്തിയ ഇനത്തില്‍ അദാനി ഗ്രൂപ്പില്‍ നിന്നും ഈടാക്കിയ ചാര്‍ജ് ഇനത്തില്‍ 73, 24,152 കുറഞ്ഞതുകയാണ് ഈടാക്കിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പരസ്യനികുതി ഇനത്തില്‍  2016-17 സാമ്പത്തിക വര്‍ഷം  നഗരസഭക്ക് നഷ്ടമായത് 187967 രൂപയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ ഷോപ്പിംഗ് കോംപ്ലക്‌സ് മുറികളുടെ വാടക ഇനത്തിലും 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ കുടിശിക നഗരസഭക്ക് പിരിഞ്ഞ് കിട്ടാനുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു. നിലവില്‍ നഗരസഭയുടെ ടിപ്പര്‍ ലോറി വാര്‍ഷിക അറ്റകുറ്റപണികള്‍ക്കായി നല്‍കിയതിന് ശേഷം തിരികെ കിട്ടാന്‍ കാലതാമസം ഉണ്ടാവുകയും ടിപ്പര്‍ ലോറി വാടക്ക് എടുത്ത ഇനത്തില്‍ 1484312 രൂപ ചിലവഴിച്ചു. ഇത്തരം ചിലവുകള്‍ നഗരസഭയുടെ അശ്രദ്ധമൂലമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌സി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങിയതില്‍ നഗരസഭയുടെ കൈവശം പണം ഉണ്ടായിരിന്നിട്ടും പണം ഘട്ടം ഘട്ടമായി നല്‍കിയ ഇനത്തില്‍ അധിക പലിശ ആയി 1262230 രൂപ നല്‍കിയത് നഗരസഭ കൗണ്‍സിലിന്റെ അനുചിതമായ തീരുമാനം മൂലമാണ് നഗരസഭക്ക് അധിക ചെലവ് വന്നതെന്നും് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ വിഴ്ചകള്‍ ചുണ്ടി കാണിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും രണ്ട് കൗണ്‍സില്‍ യോഗം ഇതിനകം കഴിഞ്ഞിട്ടും ഓഡിറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ഓഡിറ്റ് റിപോര്‍ട്ടില്‍ പലതും കൗണ്‍സിലിന് ബാധ്യത വരുമെന്ന ആശങ്ക ഉണ്ടായിട്ടും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതെ സമയംഭരണപക്ഷത്തിന്റെ ന്യൂനതകള്‍ ചുണ്ടി കാണിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും പ്രതിപക്ഷത്തിന്റെ മൗനം ആക്ഷേപത്തിത് ഇടയാക്കിയിട്ടുണ്ട്. അതെ സമയം ഇടത് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ ഓഡിറ്റ് സംബന്ധിച്ച ്‌നടന്ന ചര്‍ച്ച വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it