ഓഡിറ്റ് റിപോര്‍ട്ടുകളുടെ തുടര്‍നടപടികള്‍; നഗരസഭകള്‍ വീഴ്ചവരുത്തിയതായി കണ്ടെത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ നിയമാനുസൃത ഓഡിറ്റര്‍ സമര്‍പ്പിക്കുന്ന ഓഡിറ്റ് റിപോര്‍ട്ടുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ നഗരസഭകള്‍ വീഴ്ചവരുത്തിയതായി കണ്ടെത്തല്‍. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2014-15 വകുപ്പിലെ ഓഡിറ്റ് റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരള ലോക്കല്‍ഫണ്ട് ഓഡിറ്റ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം എന്നിവ പ്രകാരം ഓഡിറ്റര്‍ രേഖകളുടെ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തി ല്‍ തയ്യാറാക്കുന്ന റിപോര്‍ട്ടുകള്‍ എല്ലാ നഗരസഭകള്‍ക്കും സമര്‍പ്പിക്കാറുണ്ട്. ഇവ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍, ഇവയുടെ തുടര്‍നടപടികള്‍ക്ക് ഭൂരിഭാഗം നഗരസഭകളും വീഴ്ച വരുത്തിയതായി ഓഡിറ്റ് റിപോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് റിപോര്‍ട്ടുകള്‍ ഭരണസമിതിയില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നില്ലെന്നും പരാമര്‍ശങ്ങളിന്മേല്‍ വ്യക്തമായ തീരുമാനങ്ങളെടുക്കുന്നില്ലെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ചട്ടം 14 (3) പ്രകാരം ഓഡിറ്റ് റിപോര്‍ട്ട് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരേണ്ടതാണ്. റിപോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യുകയും വേണം. പ്രധാന നിര്‍ദേശങ്ങളിന്മേല്‍ തീരുമാനമെടുക്കണം. 1996ലെ കേരള ലോക്കല്‍ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ 23(1) ാം ചട്ടപ്രകാരം ഓഡിറ്റ് റിപോര്‍ട്ട് ലഭിച്ച് മാസത്തിനകം, അതില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള അപാകതകളോ ക്രമക്കേടുകളോ പരിഹരിച്ചുകൊണ്ടുള്ള തിരുത്തല്‍ റിപോര്‍ട്ട് എക്‌സിക്യൂട്ടീവ് അതോറിറ്റി ഓഡിറ്റര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. എന്നാല്‍, ഭൂരിഭാഗം നഗരസഭകളും ഇക്കാര്യത്തില്‍ പിന്നാക്കം പോയതായി ഓഡിറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍ കോര്‍പറേഷന്‍, ചാവക്കാട് മുനിസിപ്പാലിറ്റി, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, തിരൂര്‍ മുനിസിപ്പാലിറ്റി, മഞ്ചേരി മുനിസിപ്പാലിറ്റി, കല്‍പ്പറ്റ മുനിസിപ്പാലിറ്റി എന്നിവയാണ് നിയമാനുസൃത സമയപരിധി കഴിഞ്ഞ് മറുപടി സമര്‍പ്പിച്ച സ്ഥാപനങ്ങള്‍.
തിരുവനന്തപുരം, കോട്ടയം കോഴിക്കോട്, കൊച്ചി കോര്‍പറേഷനുകള്‍, ആറ്റിങ്ങല്‍, വര്‍ക്കല, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കുന്ദംകുളം, ചാലക്കുടി, കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികള്‍ എന്നിവയാണ് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഓഡിറ്റ് റിപോര്‍ട്ട് ചര്‍ച്ച ചെയ്യാത്ത തദ്ദേശ സ്ഥാപനങ്ങള്‍. തിരുവനന്തപുരം കോര്‍പറേഷന്‍, നെടുമങ്ങാട്, വര്‍ക്കല, പരവൂര്‍, കരുനാഗപ്പള്ളി, കായംകുളം, വൈക്കം, തൊടുപുഴ, കുന്ദംകുളം, ചാലക്കുടി, പാലക്കാട്, നിലമ്പൂര്‍, കൊയിലാണ്ടി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍ എന്നിവയാണ് 2015 മെയ് വരെ ഓഡിറ്റ് റിപോര്‍ട്ടിന്മേല്‍ പ്രാഥമിക മറുപടി സമര്‍പ്പിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍.
Next Story

RELATED STORIES

Share it