ഓട വൃത്തിയാക്കുന്നതിനിടെ മരണം: ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഓട വൃത്തിയാക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളും അവരെ രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറും വിഷവാതകം ശ്വസിച്ചു മരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാവുന്നതെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. സമാനമായ സംഭവം കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. സംഭവത്തെക്കുറിച്ച് കോഴിക്കോട് ജില്ലാ പോലിസ് മേധാവി, ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍, കോഴിക്കോട് നഗരസഭാ സെക്രട്ടറി, തൊഴില്‍വകുപ്പ് സെക്രട്ടറി, സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി എന്നിവര്‍ ഡിസംബര്‍ 30നകം വിശദീകരണം സമര്‍പ്പിക്കണം. കേസ് ജനുവരി 11ന് കൊച്ചി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it