ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനത്തിന്ഇരയായ യുവാവ് മരിച്ചു

തൃശൂര്‍: ഇളയച്ഛന്റെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ഇരിങ്ങാലക്കുടയില്‍ ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട കൊരുമ്പുശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വീട്ടില്‍ വേണുഗോപാലിന്റെ മകന്‍ സുജിത്ത് (26) ആണ് ചികില്‍സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. ഞായറാഴ്ച വൈകീട്ട് സുജിത്തിനെ ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ വച്ച് ഓട്ടോ ഡ്രൈവര്‍ കമ്പിവടി കൊണ്ട് പിറകില്‍ അടിക്കുകയും മുടിക്കു കുത്തിപ്പിടിച്ച് തല റോഡില്‍ ഇടിക്കുകയും ചെയ്തിരുന്നു. അബോധാവസ്ഥയില്‍ 10 മിനിറ്റോളം റോഡില്‍ കിടന്ന യുവാവിനെ പൊതുപ്രവര്‍ത്തക വിളിച്ചറിയിച്ചതനുസരിച്ച് ഇരിങ്ങാലക്കുട പോലിസാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ പടിയൂര്‍ സ്വദേശി പത്താഴക്കാട്ടില്‍ വീട്ടില്‍ മിഥു നെ(32)തിരേ പോലിസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സുജിത്തിനെ ആക്രമിച്ചശേഷം ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട മിഥുന്‍ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും ഇളയച്ഛനെയും തടഞ്ഞുനിര്‍ത്തുകയും സഹോദരനെ കൊന്നിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായശേഷം സുജിത്ത് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇതുവരെ ജീവന്‍ നിലനിര്‍ത്തിയത്. വിദേശത്തായിരുന്ന സുജിത്ത് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തുവരുകയായിരുന്നു. അമ്മ: അരുണ. സഹോദരി: സുവര്‍ണ. ഇരിങ്ങാലക്കുട എസ്‌ഐ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറി. സംസ്‌കാരം ഇന്നലെ വൈകീട്ട് വീട്ടുവളപ്പില്‍ നടന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കായി ഇരിങ്ങാലക്കുട സിഐ എം കെ സുരേഷ് കുമാറിന്റെയും എസ്‌ഐ കെ എസ് സുശാന്തിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ക്രൈം കാര്‍ഡും പോലിസ് പുറത്തിറക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it