kannur local

ഓട്ടോ ടാക്‌സി പ്രീപെയ്ഡ് നിരക്കിനെ ചൊല്ലി തര്‍ക്കം; മിന്നല്‍പണിമുടക്ക്



തലശ്ശേരി: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലിസ് മുന്‍കൈയെടുത്ത് തുടങ്ങിയ ഓട്ടോ ടാക്‌സി പ്രീപെയ്ഡ് നിരക്കിനെ ചൊല്ലി തര്‍ക്കം. പദ്ധതി രണ്ടുദിവസം പിന്നിടുമ്പോഴേക്കുമാണ് പരാതിയെത്തിയത്.കൗണ്ടറിന് സമീപം ഓരോ സ്ഥലത്തേക്കുമുള്ള ഓട്ടോ ചാര്‍ജ് രേഖപ്പെടുത്തിയതില്‍ ക്രമക്കേടുണ്ടെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം. മീറ്റര്‍ ചാര്‍ജിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ചാര്‍ട്ടില്‍ രേഖപ്പെടുത്തിയതെന്നാണ് പ്രധാന പരാതി. സ്‌റ്റേഷനില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരമുള്ള പാനൂരിലേക്ക് 185 രൂപയാണ് ചാര്‍ജ് രേഖപ്പെടുത്തിയത്. എന്നാല്‍ 17.5 കിലോമീറ്റര്‍ ദൂരമുള്ള കല്ലിക്കണ്ടിയിലേക്ക് 175 രൂപയുംഎരഞ്ഞോളിപ്പാലത്തേക്കും ചോനാടത്തേക്കും 50 രൂപയുമാണ് രേഖപ്പെടുത്തിയത്. ചാര്‍ട്ടിലെ നിരക്ക് പ്രകാരം സര്‍വീസ് നടത്തുമ്പോള്‍ യാത്രക്കാരുമായി തര്‍ക്കം ഉണ്ടാവുന്നതിനാല്‍ പദ്ധതിയുമായി സഹകരിക്കാനാവില്ലെന്നാണ് ഓട്ടോ തൊഴിലാളികളുടെ നിലപാട്. ഇതിന് പുറമേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ഓട്ടോ ടാക്‌സികള്‍ ഓട്ടോയുടെ നിരക്കില്‍ തന്നെ സര്‍വീസ് നടത്തുന്നതും പ്രതിഷേധത്തിനിടയാക്കി. ഇത് സംബന്ധിച്ച പരാതിയുമായി ഡ്രൈവര്‍മാര്‍ ഇന്നലെ രാവിലെ ഓട്ടോ ടാക്‌സി കൗണ്ടറിലെത്തിയെങ്കിലും ഒരു പോലിസ് ഉദ്ധ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയതായും ആക്ഷേപമുയര്‍ന്നു.ഇതില്‍ പ്രതിഷേധിച്ചും നിരക്കിലെ ക്രമക്കേട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സ്‌റ്റേഷനില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന ഓട്ടോ തൊഴിലാളികള്‍ മിന്നല്‍പ്പണിമുടക്ക് നടത്തിയത്. ഓട്ടോറിക്ഷകള്‍ പണിമുടക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അധികൃതര്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ പദ്ധതിയുമായി സഹകരിക്കേണ്ടെന്നാണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം .തലശ്ശേരി ജെസി ഹെറിറ്റേജ് സിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ ബുധനാഴ്ചയാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് പോവുന്ന രോഗികള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനും മറ്റ് യാത്രക്കാര്‍ക്ക് പരാതിയില്ലാത്തവണ്ണം ലക്ഷ്യസ്ഥാനത്ത് എത്താനും ഉപകരിച്ചത് ഏറെ ഉപകാരപ്രദമായിരുന്നു.
Next Story

RELATED STORIES

Share it