Kottayam Local

ഓട്ടോറിക്ഷയിലെ കച്ചവടം വ്യാപാരികള്‍ തടഞ്ഞു

വൈക്കം: നഗരത്തിന്റെ തിരക്കേറിയ റോഡുകളില്‍ ഓട്ടോറിക്ഷകളിലും മറ്റും പച്ചക്കറി വ്യാപാരം നടത്തുന്ന അനധികൃത കച്ചവടക്കാര്‍ക്കെതിരേ വ്യാപാരികള്‍ രംഗത്ത്. മാസങ്ങളായി ഇവര്‍ക്കെതിരേ പ്രതിഷേധം ഉണ്ടെങ്കിലും വഴിയോരങ്ങളിലെ നിരത്തുകള്‍ അനധികൃത കച്ചവടക്കാരാല്‍ സമ്പന്നമായിരുന്നു. വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുപോലുള്ള കച്ചവടക്കാരില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനാണ് വലിയ താല്‍പ്പര്യം പുലര്‍ത്തി പോന്നിരുന്നത്.
ക്ഷേത്രത്തിന്റെ നാലു നടകളിലും ബോട്ട് ജെട്ടിയിലുമെല്ലാം രാവിലെ മുതല്‍ പച്ചക്കറികളുമായി ഇവര്‍ എത്തുന്നു. ഇവരുടെ വ്യാപാരം നഗരത്തിലെ പല പച്ചക്കറിക്കടകള്‍ക്കും പൂട്ടുവീഴ്ത്തി. കെട്ടിട ഉടമകള്‍ക്കു വലിയ വാടകയും വൈദ്യുതി ചാര്‍ജുമെല്ലാം നല്‍കി വ്യാപാരം നടത്തുന്ന പലരും ഇപ്പോള്‍ നഷ്ടത്തിലാണ്. നിരവധി തവണ ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് താക്കീത് ചെയ്യുമ്പോള്‍ കുറച്ചു ദിവസത്തേക്ക് ഇവര്‍ മാറുന്നു.
ഇതിനുമാറ്റമുണ്ടാവാതെ വന്നപ്പോഴാണ് വ്യാപാരികള്‍ തന്നെ രംഗത്തിറങ്ങിയത്.
ഇവര്‍ ബലമായി അനധികൃത കച്ചവടക്കാരുടെ ത്രാസും മറ്റും പിടിച്ചുവാങ്ങി പോലിസില്‍ ഏല്‍പ്പിച്ചു. തെക്കേനടയിലെത്തിയ അനധികൃത ഓട്ടോറിക്ഷാ കച്ചവടക്കാരനോട് മടങ്ങിപ്പോവാന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കാതിരുന്നതു കുറച്ചുനേരത്തേക്ക് ഒച്ചപ്പാടിനിടയാക്കി. പിന്നീട് ഇയാള്‍ ഇവിടെ നിന്ന് മടങ്ങിയതോടെയാണു പ്രശ്‌നം അവസാനിച്ചത്.
Next Story

RELATED STORIES

Share it