Kottayam Local

ഓട്ടോറിക്ഷകള്‍ക്കു നമ്പരിടീല്‍ ഔദ്യോഗികമല്ലെന്ന ആക്ഷേപം ശക്തം

ചങ്ങനാശ്ശേരി: അനധികൃതമായി നഗരത്തിലോടുന്ന ഓട്ടോറിക്ഷാകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ഓട്ടോകള്‍ക്കും നഗരസഭയുടെ നേതൃത്വത്തില്‍ നമ്പരിട്ടു പാര്‍ക്കിങ് ഏരിയ തിരിച്ചു കൊടുത്തുകൊണ്ടിരിക്കുന്നത് ഔദ്യോഗികമല്ലെന്ന ആക്ഷേപം ശക്തമായി. സര്‍ക്കാറിന്റെ ഔദ്യോഗിക ബോഡിയുടെ നേതൃത്വത്തിലല്ലാ ഈ പ്രക്രിയ നടക്കുന്നതെന്ന ആക്ഷേപമാണ് ഇതിനു കാരണമായി പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ നമ്പരിടാതെ ഓടുന്ന ഓട്ടോറിക്ഷാകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന് ഒരു നടപടിയും സ്വീകരിക്കാനാവുകയുമില്ല. ഇത്തരം നമ്പരിടീലുമായി ബന്ധപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ ഇതിനുള്ള വിശദീകരണം നല്‍കാനും ബന്ധപ്പെട്ടവര്‍ തയ്യാറാവേണ്ടിവരുമെന്നാണ് അറിയുന്നത്.
നഗരത്തിലോടുന്ന ഓട്ടോറിക്ഷകള്‍ക്ക് നമ്പരിടാനായി ഡ്രൈവര്‍മാരില്‍ നിന്ന് 100 രൂപാ നിരക്കില്‍ വാങ്ങിയ തുക നഗരസഭാ ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അറിയുന്നു. എന്നാല്‍ നഗരത്തില്‍ 32 പാര്‍ക്കിങ് ഏരിയാ ക്രമീകരിച്ചിട്ടുമുണ്ട്. 1200 ഓട്ടോകള്‍ക്ക് നമ്പരിട്ടു നല്‍കിയെന്നു പറയുമ്പോള്‍ ഇനി എത്രയെണ്ണത്തിനു നമ്പരിടാന്‍ ഉണ്ടെന്നും എന്തുകൊണ്ടു ബാക്കിയുള്ളതിനു നമ്പര്‍ ഇടുന്നില്ലെന്നുമുള്ള ചോദ്യത്തിനും എങ്ങുനിന്നും വ്യക്തമായ മറുപടിയും ലഭിക്കുന്നുമില്ല. ട്രാഫിക് ക്രമീകരണ സമിതിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അംഗമാണെങ്കിലും നഗരസഭാ സെക്രട്ടറി ഇതില്‍ അംഗമല്ലാത്തതിനാല്‍ നമ്പരിടീലുമായി ബന്ധപ്പെട്ട രേഖകള്‍ സെക്രട്ടറിയുടെ പക്കല്‍ സൂക്ഷിക്കാറില്ല.
എന്നാല്‍ ഇതിനായി മുനിസിപ്പല്‍ കൗണ്‍സില്‍ നമ്പരിടല്‍ പദ്ധതിക്ക് പ്രത്യേക കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നില്ല എന്നാണ് അറിയുന്നത്. നഗരസഭാ പ്രദേശങ്ങളിലെ ഓട്ടോ റിക്ഷാകള്‍ക്കു പാര്‍ക്കിങ് ഏരിയ അനുവദിക്കുന്നതിന് ഹൈക്കോടതി നടപ്പാക്കിയ ഉത്തരവിലെ വ്യവസ്ഥകള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തതായി പറയുന്ന കമ്മിറ്റിക്കു ബാധകമല്ലെന്നും പറയുന്നുണ്ട്്. നമ്പരിടുന്നതിനായി ഓട്ടോ ഡ്രൈവര്‍മാര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇതിനായി ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികളെ ഏല്‍പിക്കുകയും അതു മോട്ടോര്‍ വാഹന വകുപ്പ് അധികാരികളെ ഏല്‍പിച്ചു അവര്‍ സാക്ഷ്യപ്പെടുത്തിയവര്‍ക്കു നമ്പര്‍ ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്നാണ് പറയുന്നത്.
എന്നാല്‍ സര്‍ക്കാര്‍ അധികാരത്തില്‍പ്പെടാത്ത കാര്യമായതിനാല്‍ ഇത്തരം രേഖകള്‍ പരിശോധിക്കാനോ സാക്ഷ്യപ്പെടുത്താനോ മോട്ടോര്‍ വാഹനവകുപ്പു വേണ്ടത്ര ശ്രദ്ധിക്കാറുമില്ല. നമ്പര്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ടു നഗരസഭയിലെ ബന്ധപ്പെട്ടവരോട് അന്വേഷിച്ചാല്‍ മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നു രേഖകള്‍ പരിശോധിച്ചു തിരികെ ലഭിച്ചില്ലെന്ന മറുപടിയാവും ലഭിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നു മോട്ടോര്‍ വാഹന വകുപ്പും പറയുന്നു. എന്നാല്‍ നിയമാനുസൃണ രേഖകള്‍ ഇല്ലാത്ത ഓട്ടോകള്‍ക്കുപോലും നഗരത്തില്‍ നമ്പരിട്ടു നല്‍കിയതായും ഇതിനു പിന്നില്‍ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്തുകളിയാണെന്നും ഡ്രൈവര്‍മാരില്‍ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.   അര്‍ഹതയുള്ള ഒട്ടേറെ ഓട്ടോറിക്ഷാകളുടെ അപേക്ഷകള്‍ കാരണം കൂടാതെ വച്ചു താമസിപ്പിക്കുന്നതായും അവര്‍ ആരോപിക്കുന്നു. അതേസമയം നമ്പരിട്ടു നല്‍കിയ ഓട്ടോറിക്ഷാകളുടെ നമ്പര്‍ നിയമാനുസൃണമുള്ളതാണോ എന്ന കാര്യത്തില്‍ ഡ്രൈവര്‍മാരില്‍ ഇപ്പോള്‍ ആശങ്കയും ഉടലെടുത്തിട്ടുണ്ട്. പതിറ്റാണ്ടുകളായി ഡ്രൈവര്‍മാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഉയര്‍ന്നുവന്ന ആവശ്യങ്ങളില്‍ ഒന്നായിരുന്നു നഗരത്തിലെ ഓട്ടോറിക്ഷാകള്‍ക്കു നഗരസഭയുടെ നമ്പര്‍ ഇടണമെന്നുള്ളത്. ഏതാനും മാസങ്ങള്‍ക്കു മുമ്പു കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയും തുടര്‍ നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നഗരത്തില്‍ 32 സ്റ്റാന്റുകള്‍ക്കു പകരം 32ഏരിയാ തിരിച്ചതും. എന്നാല്‍ തുടക്കം മുതല്‍തന്നെ ഇത് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
തൊട്ടുടുത്ത ജില്ലകളായ ആലപ്പുഴ, പത്തനംതിട്ടകളില്‍ നിന്നുള്ള ഓട്ടോകള്‍വരെ ചങ്ങനാശ്ശേരിയില്‍ ദിവസേനയെത്തി തലങ്ങും വിലങ്ങും സ്റ്റാന്റുകള്‍ പിടിച്ചു ഓടുന്നുണ്ടായിരുന്നു. അവയില്‍ പലതിനും നിയമാനുസൃണം ആവശ്യമുള്ള രേഖകളും ഇല്ലായിരുന്നു. എന്നാല്‍ പുതിയ പാര്‍ക്കിങ് ഏരിയാ സംവിധാനം നിലവില്‍ വന്നതോടെ അത്തരം ഓട്ടോകളുടെ വരവു കുറഞ്ഞെങ്കിലും യാത്രക്കാരില്‍ നിന്ന് ഇഷ്ടാനുസൃണമുള്ള ചാര്‍ജാണു പലരും വാങ്ങുന്നത്. ഇതിനു പരിഹാരം ഉണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു ഇതുവരെയും കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it