ഓട്ടോക്കാരന്‍ ജോണ്‍പോള്‍ ഇനി അഭിഭാഷകന്‍

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: ജോണ്‍പോള്‍ ഇനി ഓട്ടോക്കാരന്‍ മാത്രമല്ല. ഇന്നലെ വരെ ഉപരിപഠനത്തിനായി കാക്കിയണിഞ്ഞിരുന്ന ജോണ്‍പോളിന് ഇനിയങ്ങോട്ട് തന്റെ സ്വപ്‌നമായ കറുത്ത ഗൗണിലേക്ക് വേഷം മാറാം. ഇന്നലെ എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടന്ന കേരള ബാര്‍ കൗണ്‍സിലിന്റെ 22ാമത്തെ ബാച്ചിന്റെ എന്റോള്‍മെന്റില്‍ ജോണ്‍പോള്‍ എന്ന ഓട്ടോക്കാരന്‍ അഭിഭാഷകനായി മാറി.
കഴിഞ്ഞ നാലു വര്‍ഷക്കാലം എറണാകുളം ജില്ലയിലെ പറവൂര്‍ കൂട്ടുകാട് ജങ്ഷനില്‍ ഓട്ടോ ഓടിച്ചാണ് ഈ യുവാവ് പഠനച്ചെലവുകള്‍ക്ക് വക കണ്ടെത്തിയിരുന്നത്. കയര്‍ തൊഴിലാളിയായിരുന്ന അന്തരിച്ച ഫ്രാന്‍സിസ് പുളിക്കന്തറയുടെ മകനാണ് ജോണ്‍പോള്‍. അഭിഭാഷകനാവാന്‍ സാധിച്ചതിനു പിന്നില്‍ എല്ലാം ദൈവാനുഗ്രഹം മാത്രമാണെന്നാണ് ജോണിന്റെ വിശ്വാസം. മാതാവ് മേരിക്കും മൂത്ത ജ്യേഷ്ഠന്‍ ബെന്നിക്കുമൊപ്പമാണ് ജോണിന്റെ താമസം. മൂത്ത സഹോദരി മിനിയെ വിവാഹം കഴിച്ചയച്ചു. ജ്യേഷ്ഠന്‍ ബെന്നി കെഎസ്ഇബിയില്‍ സബ് എന്‍ജിനീയറാണ്. എങ്കിലും സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്നും സ്വന്തം ചിലവുകള്‍ക്കുള്ള വക കണ്ടെത്തണമെന്നുമുള്ള നിശ്ചയദാര്‍ഢ്യമാണ് ഈ യുവാവിനുള്ളത്.
ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളില്‍ ഓട്ടോ ഓടിക്കും. കുട്ടുകാട് പള്ളിക്കു സമീപമാണ് ഓട്ടോസ്റ്റാന്റ്. പള്ളീലച്ചനൊപ്പം കുര്‍ബാനയ്‌ക്കൊക്കെ പോവാന്‍ ചെറിയ ട്രിപ്പുകള്‍ കിട്ടാറുണ്ട്. സുഹൃത്തുക്കളൊക്കെ ട്രിപ്പുണ്ടെങ്കില്‍ ഫോണില്‍ വിളിക്കും. വീട്ടുകാരെ അറിയിക്കാതെയാണ് സ്വന്തമായി പഠിച്ച് എല്‍എല്‍ബി എന്‍ട്രന്‍സ് എഴുതിയത്. ഒടുവില്‍ തൃശ്ശൂര്‍ ഗവ. ലോ കോളജില്‍ എല്‍എല്‍ബിക്ക് സീറ്റ് കിട്ടി. കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസോടെ അഭിഭാഷക ബിരുദം പൂര്‍ത്തിയാക്കി.
തന്റെ ശ്രമങ്ങള്‍ക്ക് കൂട്ടുകാരുടെ മികച്ച പിന്തുണയും ലഭിച്ചിരുന്നതായി ജോണ്‍ പറയുന്നു. ഇതിന്‌സാക്ഷ്യമെന്നോണം സുഹൃത്തുക്കളായ രഞ്ജിത്ത്, പിന്റോ, അഡ്വ. മണി ജി മാരാര്‍ തുടങ്ങിയവര്‍ അകമഴിഞ്ഞ പിന്തുണയുമായി ജോണ്‍ പോളിന്റെ എന്റോള്‍മെന്റ് ചടങ്ങിനെത്തിയിരുന്നു.
ഇനി ഓട്ടോ ഓടിക്കാന്‍ ജോണ്‍പോളിന് കഴിഞ്ഞേക്കില്ല. കാരണം രണ്ടാണ്, ഒന്ന് പ്രാക്ടീസ് ചെയ്യണമെന്നതിനാല്‍ ഇനിയങ്ങോട്ട് തിരക്കായിരിക്കും. ഓട്ടോ പഴഞ്ചനായതിനാല്‍ വിറ്റതാണ് രണ്ടാമത്തെ കാരണം. പറവൂര്‍ കോടതിയില്‍ ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണ് ജോണിന് താല്‍പര്യം.
Next Story

RELATED STORIES

Share it