malappuram local

ഓട്ടോകള്‍ അമിത വാടക ഈടാക്കുന്നതായി പരാതി

തിരൂര്‍:  ഓട്ടോ യാത്രക്ക് ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ നിന്നും അമിതവാടക ഈടാക്കുന്ന ഇന്ധനവില വര്‍ധിച്ചുവെന്ന കാരണം പറഞ്ഞാണ് അംഗീകൃത നിരക്കില്‍ കവിഞ്ഞ് വാങ്ങുന്നത്. കിലോമീറ്ററിന് 15 രൂപക്ക് പകരം 20 ഉം 40 50 ഉം രൂപയുമാണ് ഇപ്പോള്‍ പലരും ഈടാക്കുന്നത്. അതിനു മുകളില്‍ വാടക ഈടാക്കുന്നവരുമുണ്ട്.
ഇത് മൂലം  തിരൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കവും നിത്യകാഴ്ചയാണ്. ഓട്ടോയ്ക്ക് കിലോമീറ്ററിന് 15 രൂപയും മടക്കമുണ്ടെങ്കില്‍ 20 രൂപയുമാണ് അംഗീകൃത നിരക്ക്.
ഇന്ധനത്തിന് ദിനംപ്രതി വിലയിലുണ്ടാകുന്ന ക്രമാതീത വര്‍ധനവ് കാരണം നഷ്ടം വരുന്നതിനാലാണ് കൂടുതല്‍ വാടക വാങ്ങിക്കാന്‍ നിര്‍ബന്ധിതരാവുന്നതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. ലിറ്ററില്‍ ഡീസലിന് 15 രൂപയുടെയും പെട്രോളിന് 18 രൂപയുടെയും ശരാശരി വര്‍ധനവാണ് ഇപ്പോള്‍ വന്നിട്ടുള്ളത്.  വാടകയ്ക്ക് രസീതി കൊടുക്കണം. എന്നാല്‍ ആരും അത് ചെയ്യാറില്ല.
അതിനാല്‍ അമിതവാടക ഈടാക്കുന്നതില്‍ പരാതിപ്പെടാനും സാധിക്കുന്നില്ല. നിയമം പാലിക്കാതെയുള്ള ഓട്ടവും അമിത വേഗതയും അമിതവാടകയും യൂനിഫോം ധരിക്കാത്തതും ഓട്ടോക്കാരുടെ പതിവു രീതിയാണ്.
ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണവും നിയന്ത്രണങ്ങള്‍ വിധേയമാകാത്ത ഡ്രൈവിങാണ്. ഇതു സംബന്ധിച്ച തര്‍ക്കവും അപകടങ്ങളും പതിവാണ്. ഇതിന് പരിഹാരം കാണാനായി  നടപടികള്‍ പോലിസ് തുടങ്ങിക്കഴിഞ്ഞു.
പെര്‍മിറ്റുള്ള സ്റ്റാന്റുകളിലെ യൂനിയന്‍ ഭാരവാഹികളെ വിളിച്ചു ചേര്‍ത്ത് നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങി. വരും ദിനങ്ങളില്‍ ടാക്‌സിക്ക് അനുമതിയുള്ള മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും പരിശീലനവും ധാരണ പുതുക്കലും നടക്കാനിരിക്കുകയാണ്. അതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it