malappuram local

ഓട്ടിസം ബാധിച്ച കുട്ടിയെ അധ്യാപകന്‍ കടിച്ചു പരിക്കേല്‍പ്പിച്ചെന്നു പരാതി

മഞ്ചേരി: ഓട്ടിസം ബാധിച്ച അഞ്ചു വയസ്സുകാരിയെ അധ്യാപകന്‍ കടിച്ചു പരിക്കേല്‍പ്പിച്ചെന്നു പരാതി. മഞ്ചേരി ബിആര്‍സിയിലെ ഓട്ടിസം തെറാപിസ്റ്റ് കരുവാരക്കുണ്ട് കേരള സ്വദേശി ലിനീഷ് (25) നെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ചികില്‍സയുടെ ഭാഗമായി മാതാവിനൊപ്പം കേന്ദ്രത്തിലെത്തിയ മുള്ളമ്പാറ സ്വദേശിയായ ബാലികയ്ക്കുനേരെയാണ് അധ്യാപകന്റെ ക്രൂരത. ഓട്ടിസം തെറാപ്പി ചെയ്യുന്നതിനിടെ ലിനീഷ് തുടയില്‍ കടിച്ചെന്നു കുട്ടി മതാവിനോട് പറയുകയായിരുന്നു.
വീട്ടിലെത്തിയ കുഞ്ഞ് മാതാവിന് പരിക്കേറ്റ ഭാഗം കാണിച്ചുകൊടുക്കുകയും ചെയ്തു. മാതാവ് ടെലിഫോണിലൂടെ ലിനീഷിനോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇയാള്‍ ക്ഷമ ചോദിച്ചതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മഞ്ചേരി ബ്ലോക്ക് പ്രൊജക്ട് ഓഫിസര്‍ മോഹനരാജന് പരാതി നല്‍കി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ച ബിപിഒ സംഭവം സംബന്ധിച്ച് ജില്ലാ പ്രൊജക്ട് ഓഫിസര്‍ എം നാസറിന് റിപോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകനെ പിരിച്ചുവിട്ടു.
ബാലിക മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ഇന്ന് പോലിസില്‍ പരാതി നല്‍കുമെന്നു കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it