kannur local

ഓട്ടിസം ബാധിച്ച കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകി കിരണ്‍ സെന്റര്‍



കണ്ണൂര്‍: കണ്ണൂര്‍ എസ്എസ്എയുടെ കീഴിലുള്ള തായത്തെരുവിലെ നവീകരിച്ച കിരണ്‍ ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. ഓട്ടിസം പോലുള്ള ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പല കഴിവുകളും ഉള്ളവരാണെന്നും അവ കണ്ടെത്തി പ്രോല്‍സാഹിപ്പിച്ചാല്‍  മികവിലേക്ക് നയിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. അത്തരം കുട്ടികളെ പുറംലോകം കാണിക്കാതെ വീട്ടിനകത്ത് ഇരുത്തുന്നതിനു പകരം മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കണം. ആവശ്യമായ പരിശീലനങ്ങള്‍ നല്‍കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി സീനത്ത്, ഡിഡിഇ എം ബാബുരാജന്‍, ഡയറ്റ് പ്രി ന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി യു രമേശന്‍, കണ്ണൂര്‍ ഡിഇഒ സി ഐ വല്‍സല,  പ്രോഗ്രാം ഓഫിസര്‍ ടി വി വിശ്വനാഥന്‍, കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ വി സുരേന്ദ്രന്‍, സിആര്‍സി കണ്‍വീനര്‍ ടി വി ശൈലജ, ജില്ലാ പ്രോജക്റ്റ് ഓഫിസര്‍ ഡോ. പി വി പുരുഷോത്തമന്‍, ബിപിഒ കൃഷ്ണന്‍ സംസാരിച്ചു. ജില്ലയിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മികച്ച പഠന പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുമ്പ് ക്ലസ്റ്റര്‍ ട്രെയിനിങ് സെന്ററായി പ്രവര്‍ത്തിച്ച കെട്ടിടം 3.5 ലക്ഷം രൂപ ചെലവഴിച്ച് ഓട്ടിസം പരിശീലന കേന്ദ്രമാക്കി വികസിപ്പിച്ചത്. നിലവില്‍ ഇവിടെ ഇരുപതോളം കുട്ടികളും ഒരു റിസോഴ്‌സ് അധ്യാപികയും ഉണ്ട്. ഓട്ടിസം മേഖലയില്‍ വിദഗ്ധപരിശീലനം നേടിയ രണ്ടു റിസോഴ്‌സ് അധ്യാപകരെ ഉടന്‍ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ഡോ. പി വി പുരുഷോത്തമന്‍ അറിയിച്ചു. അതോടൊപ്പം സൗകര്യങ്ങള്‍ വിപുലീകരിച്ച ഓട്ടിസം സെന്ററില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാവുന്നതോടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it