Kollam Local

ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍

കൊല്ലം: ഓട്ടം പോകാനായി വിളിച്ചുകൊണ്ടുപോയ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. കടപ്പാക്കട ജനയുഗം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കിളികൊല്ലൂര്‍ രണ്ടാംകുറ്റി അല്‍-അമീന്‍ മന്‍സിലില്‍ റഹിമി(35)നാണ് മര്‍ദ്ദനമേറ്റത്. ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റഹിം വിദഗ്ദ്ധ ചികില്‍സ തേടി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കടപ്പാക്കട ബീ-കടയ്ക്ക് പിന്നിലുള്ള പൗള്‍ട്രിഫാമിലേക്ക് ഓട്ടം പോകാനെന്ന് പറഞ്ഞ് റഹിമിനെ കൂട്ടിക്കൊണ്ടുപോയത് കടപ്പാക്കട മാര്‍ക്കറ്റില്‍ കോഴിക്കച്ചവടം നടത്തുന്ന പുള്ളിക്കട കോളനിയിലെ നിയാസ് എന്നയാളാണ്. പൗള്‍ട്രിഫാമില്‍ എത്തിയതോടെ അവിടെ കിടന്നിരുന്ന കട്ടിലെടുത്ത് ഓട്ടോറിക്ഷയുടെ മുകളില്‍ വച്ചശേഷം കിളികൊല്ലൂര്‍ കോയിക്കല്‍ പള്ളിക്ക് സമീപം കൊണ്ടുചെല്ലണമെന്ന് ആവശ്യപ്പെട്ടു. കട്ടില്‍ കയര്‍ കൊണ്ട് കെട്ടാതെ കൊണ്ടുപോകാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോഴായിരുന്നു ക്രൂരമര്‍ദ്ദനമെന്ന് റഹിം ഈസ്റ്റ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സമീപത്ത് കിടന്ന പത്തല്‍ എടുത്ത് കൈ അടിച്ചൊടിക്കുകയും മുഖത്ത് കുത്തുകയും ചെയ്തു. ഷര്‍ട്ട് കീറുകയും പോക്കറ്റിലുണ്ടായിരുന്ന 2800 രൂപ കൈവശപ്പെടുത്തുകയും ചെയ്തു. പൗള്‍ട്രി ഫാമിലുണ്ടായിരുന്ന മദ്യപ സംഘത്തിന്റെ മുന്നില്‍ വച്ചായിരുന്നു സാമൂഹിക വിരുദ്ധന്റെ അഴിഞ്ഞാട്ടം.
പൗള്‍ട്രിഫാമില്‍ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നതും പണം വച്ചുള്ള ചീട്ടുകളിയും പതിവാണെന്ന് പരക്കെ ആക്ഷേപമുണ്ട്. രാവിലെ മുതല്‍ തുടങ്ങുന്ന മദ്യപസദസ് രാത്രി വൈകുവോളം നീളും. വഴക്കും അടിപിടിയും ഇവിടെ പതിവാണ്. ഒഴിപ്പുകേന്ദ്രമായി ഇവിടെ മാറിയിട്ടുള്ളതായി പ്രദേശവാസികള്‍ പരാതിപ്പെടുന്നു. അപരിചിതരായ പലരും ഇവിടെ തമ്പടിക്കുന്നുമുണ്ട്. പൗള്‍ട്രിഫാമിന്റെ പ്രവേശനകവാടം ഇടുങ്ങിയതായതിനാല്‍ പോലിസ് എത്തുമ്പോഴേയ്ക്കും സാമൂഹ്യവിരുദ്ധര്‍ പിറകുവശത്തുകൂടി രക്ഷപ്പെടുന്നതും പതിവാണ്. നഗരഹൃദയത്തിലെ സാമൂഹിക വിരുദ്ധ കേന്ദ്രമായി ഇവിടം മാറിയിരിക്കുന്നുവെന്ന് പരാതി ഉയരുന്നു.
ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട് പൗള്‍ട്രിഫാം ഉടമ ഉള്‍പ്പെടെ നാല് പേരെ ഈസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it