malappuram local

ഓടിക്കൊണ്ടിരുന്ന ബസ്സിനെ ഇടിപ്പിച്ച് അപകടംവരുത്താന്‍ ശ്രമം

കൊണ്ടോട്ടി: യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനെ ഇടിപ്പിച്ച് അപകടം വരുത്താന്‍ ശ്രമിച്ച കേസില്‍ 13 പേരെ കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 കൊണ്ടോട്ടിക്കടത്ത് മുസ്്‌ല്യാരങ്ങാടിയില്‍ ഇന്നലെ ഉച്ചയോടെ സംഭവം. പാലക്കാട് മുണ്ടൂര്‍ വെട്ടിത്തൊടി ആശിഖ്(23), രാമപുരം പനങ്ങാങ്ങര കോണികുഴിയില്‍ മുഹമ്മദ് ഹാഷിം(24), മോങ്ങം മുണ്ടന്‍കുഴിയില്‍ സുബീഷ്(37), മില്ലുംപടി എടക്കോട്ട് ജാഫര്‍(27), കേരള എസ്റ്റേറ്റ് കൊറ്റങ്കോടന്‍ സനൂപ്(27), പാലക്കാട് പയ്യനടം ചേരിയില്‍ പ്രസാദ്(34), തച്ചനാട്ടുകര ആലക്കുഴയന്‍ യാഷിഖ്(29), മുസ്്‌ല്യാരങ്ങാടി കൊക്കരണി യാസര്‍ അറഫാത്ത്(29), മണ്ണാര്‍ക്കാട് ചേറോട്ടുകുളം നിഖില്‍(30), കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് തൊട്ടിയില്‍ ഫര്‍ഷാദ്(28), പാലക്കാട് പളളിയാളിതൊടി അബ്ദുള്‍ സമദ്(23), കൊട്ടപ്പുറം കാവുള്ളി അബൂബക്കര്‍(26), മേലാറ്റൂര്‍ പുല്ലൂര്‍ശാന്‍ കാടന്‍ ആഷിഖ്(23) എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎല്‍ 08 ബിജെ 1106 ബസ്സിനെ മുസ്്‌ല്യാരങ്ങാടിയില്‍ വച്ച് മറ്റൊരു ബസ്സിലെത്തിയ പ്രതികള്‍ ഇടിപ്പിച്ച് അപകടം വരുത്താന്‍ ശ്രമിക്കുകയായിരുന്നു. ബസ് വെട്ടിച്ചതിനാലാണ് യാത്രക്കാരടക്കം രക്ഷപെട്ടത്. ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപകടത്തില്‍ ബസ്സിന് 70,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയില്‍ പറയുന്നു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. സമരത്തെ ചൊല്ലി ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇന്നലെ കൈയാങ്കളിയിലും ബസ് അപകടം വരുത്തലിലും കലാശിച്ചത്. തിങ്കളാഴ്ച ഇരു ബസ് ജീവനക്കാരും സമയത്തെ ചൊല്ലി കൊണ്ടോട്ടിയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇന്നലെ മുസ്്‌ല്യാരങ്ങാടിയിലുമുണ്ടായത്.

Next Story

RELATED STORIES

Share it