ഓടിക്കൊണ്ടിരിക്കെ ആസിഡ് ടാങ്കര്‍ ചോര്‍ന്നു; ഒഴിവായതു വന്‍ ദുരന്തം

കുന്നംകുളം: ഓടിക്കൊണ്ടിരിക്കെ ആസിഡ് ടാങ്കര്‍ ചോര്‍ന്നതു മേഖലയില്‍ പരിഭ്രാന്തി പരത്തി. അധികൃതരുടെ സന്ദര്‍ഭോചിത ഇടപെടല്‍ മൂലം ഒഴിവായതു വന്‍ ദുരന്തം. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ 20 ടണ്‍ ഹൈഡ്രോക്ലോറിക് ആസിഡ് വയലില്‍ ഒഴുക്കി.
സംസ്ഥാനപാതയില്‍ കടവല്ലൂരിലാണു സംഭവം. കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ടാങ്കര്‍ വാള്‍വ് പൊട്ടി ഹൈഡ്രോക്ലോറിക് ആസിഡ് ചോര്‍ന്നത്. ഗോവയില്‍ നിന്നു കൊച്ചിയിലെ ഫാക്ടറിയിലേക്കു പോവുകയായിരുന്നു ടാങ്കര്‍. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കുന്നംകുളം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സും കുന്നംകുളം പോലിസും സ്ഥലത്തെത്തി. ചോര്‍ച്ച വന്ന ടാങ്കര്‍ ജനവാസ മേഖലയില്‍ നിന്നു മാറ്റി ആസിഡ് ഒഴുക്കിക്കളയാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്നു കടവല്ലൂര്‍ പാടത്തേക്കു ടാങ്കര്‍ ഇറക്കി മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ അഞ്ചോടെ ആസിഡ് പൂര്‍ണമായും വയലില്‍ ഒഴുക്കിക്കളഞ്ഞു. ഫയര്‍ഫോഴ്‌സ് വെള്ളം പമ്പ് ചെയ്ത് ആസിഡിന്റെ വീര്യം കുറച്ചു.
ഇരുമ്പ് ഉരുക്കുന്നതിനും മറ്റു ഫാക്ടറി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വീര്യം കൂടിയ ഹൈഡ്രോക്ലോറിക് ആസിഡ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സ്പര്‍ശിച്ചാല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇത് കണക്കിലെടുത്താണ് സുരക്ഷയ്ക്കു വേണ്ടി ജനസാന്ദ്രത കുറഞ്ഞ പ്രദേശമെന്ന നിലയ്ക്കു വയലിലേക്ക് ഒഴുക്കിയത്.
അപകടത്തെ തുടര്‍ന്നു സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ആസിഡ് പരന്നുകിടന്നു. വാഹനങ്ങള്‍ പലതും റോഡ് സൈഡില്‍ ഒതുക്കിയിട്ടു. പ്രദേശവാസികള്‍ പലരും അസഹ്യമായ ഗന്ധത്തെ തുടര്‍ന്നാണു വീടിനു പുറത്തിറങ്ങി നോക്കിയത്. തീവ്രസ്വഭാവമുള്ള ആസിഡ് ചോര്‍ന്നതു പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. മലപ്പുറം ജില്ലാ ട്രോമകെയര്‍, ചങ്ങരംകുളം സ്‌റ്റേഷന്‍ യൂനിറ്റ് അംഗങ്ങളും സംസ്ഥാനപാതയില്‍ സുരക്ഷയൊരുക്കാനായി രംഗത്തുണ്ടായിരുന്നു.
Next Story

RELATED STORIES

Share it