ernakulam local

ഓടയില്‍ മാലിന്യം; പ്രതിഷേധവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

മട്ടാഞ്ചേരി: ജന ജീവിതത്തെ ദുസ്സഹമായി ബാധിക്കുന്ന വിധത്തില്‍ ഓടയില്‍ മാലിന്യങ്ങള്‍ നിറയുകയും സഌബുകള്‍ നീക്കുകയും ചെയ്തതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
നഗരസഭ നാലാം ഡിവിഷനില്‍ മാളിയേക്കല്‍ പറമ്പിലാണ് സംഭവം. നിരവധി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന ഇവിടത്തെ ഓട ശുചീകരിച്ചിട്ട് ഏറെ നാളുകളായി.
ഓട നവീകരണത്തിന്റെ ഭാഗമായി ഇവിടത്തെ സഌബുകള്‍ നീക്കം ചെയ്തതോടെ മാലിന്യങ്ങള്‍ പുറത്തേക്ക് വരുന്ന അവസ്ഥയായി. ഇതിന് സമീപം തന്നെയാണ് കുടിവെള്ള പൈപ്പും സ്ഥിതി ചെയ്യുന്നത്. ഓടയിലെ മാലിന്യങ്ങള്‍ പൈപ്പിലും കയറാന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമായി.
ഓട നവീകരണത്തിനായി സഌബുകള്‍ നീക്കം ചെയ്‌തെങ്കിലും കരാറുകാരന്‍ ജോലി ഉപേക്ഷിച്ചതോടെ കഴിഞ്ഞ ഒന്നര മാസമായി ഈ മാലിന്യം കണി കണ്ടാണ് ജനം ഉണരുന്നത്.
കൗണ്‍സിലറോട് പല തവണ പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെ നാട്ടുകാര്‍ ഇന്നലെ രാവിലെ മുതല്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷഫീക്ക് കത്തപ്പുര, എം ആര്‍ ഷഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും എത്തി.
പ്രതിഷേധം ഉയര്‍ന്നതോടെ കൗണ്‍സിലര്‍ ബിന്ദു ലെവിന്‍ സ്ഥലത്തെത്തി  പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. നേരത്തേ കരാറെടുത്തയാള്‍ ഉപേക്ഷിച്ച് പോയതാണ് പ്രശ്‌നത്തിന് കാരണമായതെന്നും തിങ്കളാഴ്ച മുതല്‍ ഓടയിലെ മാലിന്യം നീക്കം ചെയ്യുന്ന ജോലി ആരംഭിക്കുമെന്നും അതിന് ശേഷം ഓട നവീകരണം പൂര്‍ത്തിയാക്കുമെന്നും കൗണ്‍സിലര്‍ ഉറപ്പ് നല്‍കി.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. അതേസമയം തിങ്കളാഴ്ച പണി തുടങ്ങിയില്ലെങ്കില്‍ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീക്ക് കത്തപ്പുര പറഞ്ഞു.
Next Story

RELATED STORIES

Share it