Kollam Local

ഓച്ചിറയും ക്ലാപ്പനയും യുഡിഎഫിന്; കുലശേഖരപുരത്ത് എല്‍ഡിഎഫ്

കരുനാഗപ്പള്ളി:ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളില്‍ യുഡിഎഫ് അധികാരത്തിലെത്തി. അതേസമയം കുലശേഖരപുരം എല്‍ഡിഎഫിന് ലഭിച്ചു. ഓച്ചിറയില്‍ നാലാംവാര്‍ഡില്‍നിന്നും വിജയിച്ച അയ്യാണിക്കല്‍ മജീദ് പ്രസിഡന്റായും വൈസ്പ്രസിഡന്റായി പത്താംവാര്‍ഡില്‍നിന്നും വിജയിച്ച ദീപാകുമാരിയെയും തിരഞ്ഞെടുത്തു. ആകെ 17 വാര്‍ഡുള്ള ഓച്ചിറ പഞ്ചായത്തില്‍ യുഡിഎഫ് 10 സീറ്റിലാണ് വിജയിച്ചത്. 1995ല്‍ യുഡിഎഫിലെ എം ഒ ഇബ്രാഹിംകുട്ടി പ്രസിഡന്റായതിനുശേഷം 20വര്‍ഷം കഴിഞ്ഞപ്പോഴാണ് വീണ്ടും പഞ്ചായത്തുഭരണം യുഡിഎഫിന്റെ കൈയിലെത്തുന്നത്. ക്ലാപ്പന പഞ്ചായത്തില്‍ ആറാംവാര്‍ഡില്‍നിന്നും വിജയിച്ച എസ് എം ഇക്ബാലിനെ പ്രസിഡന്റായും 14-ാം വാര്‍ഡില്‍നിന്നും വിജയിച്ച ശ്രീകലയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ആകെയുള്ള 15വാര്‍ഡില്‍ യുഡിഎഫ് ഒമ്പതുസീറ്റും എല്‍ഡിഎഫ് ആറുസീറ്റിലും വിജയിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടാംതവണയാണ് ഇക്ബാലിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്. ഇതോടെ ക്ലാപ്പന ഗ്രാമപ്പഞ്ചായത്ത് നാലാംതവണയും യുഡിഎഫ് ഭരണത്തില്‍ കീഴിലായി. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍നിന്നും മല്‍സരിച്ച് വിജയിച്ച സിപിഎമ്മിലെ ശ്രീലേഖാ കൃഷ്ണകുമാറിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി പത്താംവാര്‍ഡില്‍നിന്നും വിജയിച്ച സിപിഐയിലെ സുജിതാ നാസറിനെയും തിരഞ്ഞെടുത്തു. ആകെയുള്ള 23വാര്‍ഡില്‍ 15സീറ്റ് എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫ് ആറ് സീറ്റിലും യുഡിഎഫ് റിബല്‍ രണ്ടുസീറ്റിലും വിജയിച്ചിരുന്നു. ഇതില്‍ വിജയിച്ച ഒരുസ്വതന്ത്രസ്ഥാനാര്‍ഥിയായ 15-ാം വാര്‍ഡിലെ ഷാഹുല്‍ഹമീദ് മരണപ്പെടുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാംതവണയും കുലശേഖരപുരം പഞ്ചായത്തുഭരണം എല്‍ഡിഎഫിന്റെ കൈകളിലെത്തിയിരിക്കുകയാണ്. ആലപ്പാട് ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റായി സെറീനായും വൈസ്പ്രസിഡന്റായി സഞ്ജീവിനേയും തിരഞ്ഞെടുത്തു. 16 വാര്‍ഡുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് എട്ടും യുഡിഎഫ് അഞ്ചും ബിജെപി മൂന്നും സീറ്റുകള്‍ വീതം നേടി. 22വാര്‍ഡുള്ള തഴവപഞ്ചായത്തില്‍ പ്രസിഡന്റായി ശ്രീലതയും വൈസ് പ്രസിഡന്റായി കവിതാ മാധവനേയും തിരഞ്ഞെടുത്തു. എല്‍ഡിഎഫ് പത്ത്, യുഡിഎഫ് എട്ട്, ബിജെപി നാല് സീറ്റുകല്‍ വീതം നേടി. തൊടിയൂര്‍ കടുവാങ്കാട്ട് മോഹനനെ പ്രസിഡന്റായും വൈസ്പ്രസിഡന്റായി ബിന്ദു ദേവിയേയും തിരഞ്ഞെടുത്തു. 23വാര്‍ഡുള്ള തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് ഏഴ്, സ്വതന്ത്രന്‍ ഒന്ന് എന്നീ സീറ്റുകള്‍ നേടി.
Next Story

RELATED STORIES

Share it