ഓഖി: 74 കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കാന്‍ 7.62 കോടി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കാന്‍ 7.62 കോടി രൂപ അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് തൊഴിലാളികളുടെയും ഓഫിസര്‍മാരുടെയും ശമ്പളം പരിഷ്‌കരിക്കും. എല്‍ബിഎസ് സെന്ററിലെയും എല്‍ബിഎസ് എന്‍ജിനീയറിങ് കോളജുകളിലെയും ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് പുതുതായി 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കും. ഇതിനായി 99 തസ്തികകള്‍ സൃഷ്ടിക്കും. സംസ്ഥാനത്ത് നൈപുണി വികസന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനു കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചു. ഇതനുസരിച്ച് നൈപുണി വികസനത്തിനുള്ള നയങ്ങള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല കൗണ്‍സിലായിരിക്കും. തൊഴില്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും രണ്ടു വ്യവസായ പ്രതിനിധികളും കൗണ്‍സിലില്‍ അംഗങ്ങളായിരിക്കും. കര്‍ഷകരുടെ ക്ഷേമത്തിനും അവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള കരട് ബില്ല് മന്ത്രിസഭ അംഗീകരിച്ചു.
Next Story

RELATED STORIES

Share it