ഓഖി: 146 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാരിന്റെ പുതിയ കണക്ക്‌

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനി കണ്ടെത്താന്‍ 146 പേരെന്ന് സര്‍ക്കാരിന്റെ പുതിയ കണക്ക്. പല കാരണങ്ങളാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താല്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 180 ആവും. വിശദവിവരങ്ങള്‍ അടങ്ങിയ പട്ടിക റവന്യൂ വകുപ്പാണ് പുറത്തുവിട്ടത്. 96 പേരെ മാത്രമേ കണ്ടെത്താനുള്ളൂവെന്നായിരുന്നു നേരത്തേ മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നത്. ലത്തീന്‍ സഭയടക്കം ഈ കണക്ക് നിരാകരിച്ചപ്പോഴും ഈ എണ്ണത്തില്‍ തന്നെ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നതിനിടെയാണ് പുതിയ വിവരം. സര്‍ക്കാരിന്റെ കണക്കനുസരിച്ച് മരിച്ചത് 38 പേരാണ്. ഇതില്‍ 14 പേരെ തിരിച്ചറിയാനുണ്ട്. മുന്‍ പട്ടികകള്‍ പരിശോധിച്ച് പേരുകളിലുള്ള ആവര്‍ത്തനം ഒഴിവാക്കിയാണ് പുതിയ കണക്ക്. കാണാതായ 94 ബോട്ടുകളുടെയും ചെറുവള്ളങ്ങളുടെയും പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.അതിനിടെ, നാല് മൃതദേഹങ്ങള്‍ കൂടി ഇന്നലെ കണ്ടെത്തി. ചെല്ലാനം, പൊന്നാനി, വിഴിഞ്ഞം തീരങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊന്നാനി അഴിമുഖത്തു നിന്നു പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ രണ്ടു മൃതദേഹങ്ങള്‍ കടലില്‍ കണ്ടെത്തിയ വിവരം മല്‍സ്യത്തൊഴിലാളികളാണ് സേനയെ അറിയിച്ചത്. ലക്ഷദ്വീപിനു സമീപം രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ നാവികസേനയുടെ ഐഎന്‍എസ് സുഭദ്ര കണ്ടെത്തി. എന്നാല്‍ ഇതിലെ മല്‍സ്യത്തൊഴിലാളികളെ കുറിച്ചു വിവരമില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഐഎന്‍എസ് അഭിനവ് കപ്പലാണ് വിഴിഞ്ഞത്തെ ഉള്‍ക്കടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
Next Story

RELATED STORIES

Share it