ഓഖി: 12 മൃതദേഹം കൂടി കണ്ടെത്തി; മരണം 65

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം/ബേപ്പൂര്‍: ഓഖി ദുരന്തത്തില്‍ മരിച്ച 12 പേരുടെ മൃതദേഹം കൂടി ഇന്നലെ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 65 ആയി. റവന്യൂ വകുപ്പ് പുറത്തിറക്കിയ കണക്കുപ്രകാരവും 65 പേരാണ് മരിച്ചത്. ബേപ്പൂര്‍ ഭാഗത്തുനിന്നാണ് ഇന്നലെ ഒമ്പതു മൃതദേഹം ലഭിച്ചത്. കൊച്ചി ചെല്ലാനം, തൃശൂര്‍ പെരിഞ്ഞനം, പൊന്നാനി പാലപ്പെട്ടി തീരങ്ങളില്‍ നിന്ന് ഓരോ മൃതദേഹവും കണ്ടെത്തി. മല്‍സ്യബന്ധനത്തിന് പോയവരാണ് ബേപ്പൂരില്‍ മൃതദേഹം കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകളിലാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് തിരച്ചിലിനു പോയ മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. കടലിലെ ശക്തമായ മൂടല്‍മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ട്. ബേപ്പൂരില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് തുടരുകയാണ്. റവന്യൂ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം മൃതദേഹങ്ങള്‍ കണ്ടെത്തിയ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: തിരുവനന്തപുരം 24, കൊല്ലം 7, എറണാകുളം 12, തൃശൂര്‍ 1, മലപ്പുറം 3, കോഴിക്കോട് 16, കണ്ണൂര്‍, കാസര്‍കോട് 1 വീതം. 65 പേരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. 95 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
Next Story

RELATED STORIES

Share it