ഓഖി: സര്‍ക്കാരിനെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് യഥാസമയം മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ നൂറുകണക്കിന് മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മല്‍സ്യബന്ധന വകുപ്പ്, കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നു സമയബന്ധിതമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ ഗുരുതര നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ജില്ലാ കലക്ടര്‍, ഡിജിപി, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍, മല്‍സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ മുന്നറിയിപ്പ് വൈകിയതിനെക്കുറിച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലെ അപര്യാപ്തതകളെക്കുറിച്ചും ഒരുമാസത്തിനകം വിശദീകരണം നല്‍കണം.കടല്‍ക്ഷോഭം ഉണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ യാതൊരു സംവിധാനവുമില്ലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹീം പരാതിയില്‍ പറഞ്ഞു. തീരദേശ പോലിസിന്റെ മൂന്നു രക്ഷാ ബോട്ടുകളില്‍ രണ്ടെണ്ണം കട്ടപ്പുറത്താണ്.  65 ലക്ഷം മുടക്കി ഫിഷറീസ് വകുപ്പ് വാങ്ങിയ ബോട്ട് ഉപയോഗശൂന്യമായി. ശീതീകരണിയുള്ള ബോട്ട് വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ കേടായി. ദുരന്തമുണ്ടായി ഒരു ദിവസം കഴിഞ്ഞാണ് ബോട്ട് വാടകയ്‌ക്കെടുത്ത് തിരച്ചില്‍ തുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു. ദുരന്തനിവാരണത്തിനും മല്‍സ്യമേഖലയുടെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ അനുവദിച്ച ഏകദേശം 600 കോടി എന്തിന് വിനിയോഗിച്ചെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it