ഓഖി: വീട് നഷ്ടമായവരുടെ റിപോര്‍ട്ട് രണ്ടുദിവസത്തിനകം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതികള്‍ക്കിരയായി വീട് നഷ്ടപ്പെട്ടവരുടെയും വീടുകള്‍ വാസയോഗ്യമല്ലാതെയായവരുടെയും  കണക്കുകള്‍ രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പട്ട ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകി നിര്‍ദേശം  നല്‍കി.
തിരച്ചില്‍ നടപടികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുമെന്നും അവര്‍ അറിയിച്ചു. വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിട്ടുള്ള ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡിഎന്‍എ സാംപിളുക ള്‍ സ്വീകരിക്കുന്നതിന് തീരുമാനമായതായും കലക്ടര്‍ അറിയിച്ചു. മല്‍സ്യബന്ധനോപാധികളുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി കലക്ടര്‍ക്കും നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ ഭക്ഷണം കുടിവെള്ളം, ചികില്‍സാ സൗകര്യങ്ങള്‍ തുടങ്ങിയവ കലക്ടര്‍, സബ്കലക്ടര്‍ ദിവ്യ എസ് അയ്യര്‍, പ്രത്യേക ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ഡി ബാലമുരളി, പി ബി നൂഹ് എന്നിവര്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്താനും ഉദ്യോഗസ്ഥതല അവലോകനത്തില്‍ തീരുമാനിച്ചു.
ക്യാംപുകള്‍ അടുത്ത ഒരാഴ്ച കൂടി തുടരുന്നതിനും പിന്നീട് ആവശ്യമെങ്കില്‍ ദീര്‍ഘിപ്പിക്കുന്നതിനും തീരുമാനമായി. ദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം അടിയന്തരമായി ഉറപ്പാക്കുന്നതിന്  ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. മലയോരമേഖലകളില്‍ ചുഴലിക്കാറ്റിന്റെ കെടുതികള്‍ക്കിരയായി ഒരാഴ്ചയായി വൈദ്യുതി ഇല്ലാത്ത പെരിങ്ങമ്മല, വിതുര, തെന്നൂര്‍ മേഖലയിലെ ആദിവാസികുടുംബങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കും. അതേസമയം, ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച വരെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
അതേസമയം, കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി ജയന്റെ(40) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.  ഡിഎന്‍എ പരിശോധന വഴി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. വിഴിഞ്ഞം പുല്ലുവിള സ്വദേശി ജോസഫി(50)നെയാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇനി 9 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. രണ്ടു മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും നാലു മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും മൂന്ന് മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും  സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഉള്‍ക്കടല്‍ കേന്ദ്രമാക്കി തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ നാവികസേനയുടെ ഐഎന്‍എസ് കാബ്ര തിരുവനന്തപുരം ജില്ലയിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
അതേസമയം,  ഓഖി ദുരിത ബാധിതരെ സഹായിക്കാന്‍ കേരള വനിതാ കമ്മീഷന്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കമ്മീഷന്‍ അംഗങ്ങളുടെയും ജീവനക്കാരുടെയും യോഗത്തിലാണ് ഈ തീരുമാനം. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഈ മാസം എട്ടിന് മുഖ്യമന്ത്രിക്ക് കൈമാറും.
Next Story

RELATED STORIES

Share it