thiruvananthapuram local

ഓഖി: റേഷന്‍ വിതരണത്തില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം

വര്‍ക്കല: ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച റേഷന്‍ വിഹിതത്തില്‍ വ്യാപക ക്രമക്കേടെന്ന് വര്‍ക്കല ബ്ലോക്ക് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ്. കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന പ്രതിമാസ വിഹിതത്തിന് പുറമെയാണ് 15 കിലോ ഗ്രാം ഭക്ഷ്യധാന്യം കൂടി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ വര്‍ക്കല മണ്ഡലത്തില്‍ പൊതുവെയും നഗരസഭാ പരിധിയില്‍ വിശേഷിച്ചും റേഷന്‍ ഡിപ്പോകള്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ വിഹിതത്തില്‍ വന്‍ ക്രമക്കേടാണുള്ളത്. കഴിഞ്ഞദിവസം വര്‍ക്കല മൈതാനം ക്ഷേത്രം റോഡ് കേന്ദ്രീകരിച്ചുള്ള റേഷന്‍ ഡിപ്പോ വഴി ലഭിച്ച ധാന്യത്തിന്റെ അളവ് തൂക്കത്തില്‍ ഗുരുതരമായ വീഴ്ചയാണുള്ളതെന്ന് ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കേവലം ഏഴ് കിലോ ഗ്രാം അരിവീതമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ലഭിച്ചതാവട്ടെ പഴയസ്റ്റോക്കില്‍ നിന്നുള്ളതാണെന്നും ഇവര്‍ പരാതിപ്പെടുന്നു. അളവ് തൂക്കത്തിലെ ക്രമക്കേടിന് പുറമെ സബ്‌സിഡി നിരക്കിലെന്ന വ്യാജേന ഗുണഭോക്താക്കളില്‍ നിന്നും നിശ്ചിത തുക വിലയായി ഈടാക്കുന്ന പ്രവണതയും മേഖലയില്‍ തുടരുന്നുണ്ട്. ആവശ്യക്കാര്‍ക്ക് റസീപ്റ്റും നല്‍കുന്നില്ലെന്നും പരാതിയുണ്ട്. സൗജന്യ റേഷന്‍ വിഹിതത്തിന്റെ അളവ് തൂക്കവും ഗുണനിലവാരവും ഉറപ്പാക്കുന്നതിലേക്ക് അതത് റേഷന്‍ കടകള്‍ക്ക് മുന്നില്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ കൈയ്യൊപ്പോടുകൂടിയുള്ള നോട്ടീസ് പതിക്കണമെന്ന് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it