kozhikode local

ഓഖി രക്ഷാപ്രവര്‍ത്തനം: വിശ്രമമില്ലാതെ രാജേഷും സവാദും

കോഴിക്കോട്:  മാറാട് നിന്നുള്ള ടി രജേഷിനും ചാലിയത്തു നിന്നുള്ള സി സവാദിനും  ഇക്കഴിഞ്ഞ ദിവസങ്ങളില്‍  വിശ്രമിക്കാന്‍ സമയമുണ്ടായിരുന്നില്ല. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സീ റസ്‌ക്യൂ ഗാര്‍ഡാണ് രജേഷ്. ചാലിയത്തെ മല്‍സ്യത്തൊഴിലാളിയാണ് സവാദ്. ഇരുവരും ഓഖി ചുഴറ്റിയെറിഞ്ഞ സഹോദരങ്ങളാരെങ്കിലും ജീവന്റെ തുടിപ്പുമായി കടലില്‍ എവിടെയെങ്കിലുമുണ്ടോയെന്ന തിരച്ചിലിലായിരുന്നു. മീന്‍പിടുത്ത  ബോട്ടുകളില്‍ നിന്ന്് മനുഷ്യദേഹം ഒഴുകി നടക്കുന്നുവെന്ന സന്ദേശം വരുന്നതോടെ ആ ഭാഗത്തേക്ക്് തിരച്ചിലിന് പോവുന്ന സംഘങ്ങളിലെ അംഗങ്ങളാണ്് ഇരുവരും. ഓഖി നാശം വിതച്ചിട്ട് ദിവസങ്ങളേറെയായെങ്കിലും വന്‍ദുരന്തങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് അല്‍ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ നിവരവധി കഥകള്‍ മനസ്സിലിട്ട്,  കണ്ടുകിട്ടുന്ന സഹോദര ദേഹങ്ങളില്‍ ജീവന്റെ തുടിപ്പുണ്ടാകണേ എന്ന നിശബ്ദ പ്രാര്‍ഥനയോടയാണ് തിരച്ചില്‍ സംഘങ്ങളെല്ലാം കടലിലേക്ക് ഇറങ്ങുന്നത്. ബേപ്പൂരില്‍ ആദ്യ മൃതദേഹം ശ്രദ്ധയില്‍ പെട്ട ദിവസം തൊട്ട്് തീരദേശ പോലിസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും സംയുക്ത തിരച്ചിലില്‍ സജീവ സാനിധ്യമായിരുന്നു രാജേഷും സവാദും. ബോട്ടിലും വള്ളത്തിലുമായി നടത്തുന്ന തിരച്ചിലില്‍ ഇവരുള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 18 മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.  കടലില്‍ നിന്ന്് അഴുകി വികൃതമായ മൃതദേഹങ്ങള്‍ തോണിയിലേക്ക് കയറ്റുമ്പോള്‍  മൃതശരീരത്തിന്റെ പല ഭാഗങ്ങളും കടലിലേക്ക് ഊര്‍ന്നു വീഴുമെന്ന നിലയിലായിരുന്നു. ചിലത് തലയോട്ടി വരെ കാണാവുന്ന രീതിയില്‍ അഴുകിയിരുന്നു. വീര്‍ത്ത് വിറങ്ങലിച്ച മൃതദേഹങ്ങള്‍ ആരുടെതാണെന്നു പോലും അറിയില്ലെങ്കിലും തങ്ങളുടെ കൂടെപ്പിറപ്പാണെന്ന മനസ്സോടെ അവര്‍ കരക്കെത്തിച്ചു. ഇവരെപ്പോലെ നിരവധി പേര്‍ ദൗത്യത്തില്‍ പങ്കാളികളായി. മൃതദേഹങ്ങള്‍  ജീര്‍ണിച്ച് ആളെ തിരിച്ചറിയാനാവാത്ത വിധത്തിലായെങ്കിലും അന്ത്യകര്‍മ്മങ്ങള്‍ക്കായി അവയെങ്കിലും പ്രിയപ്പെട്ടവര്‍ക്ക്് എത്തിക്കാനാവുമല്ലോ എന്ന ആശ്വസത്തിലാണ് അവ വള്ളത്തില്‍ കയറ്റിയതെന്ന്്് രജേഷ് പറഞ്ഞു. ഫിഷറീസ് വകുപ്പില്‍ നിന്ന് അറിയിച്ചതോടെയാണ്് സവാദ്് തിരച്ചിലിന് ഇറങ്ങിയത്്.  ഇന്നും തിരച്ചിലിന് പോകാനുള്ള ഒരുക്കത്തിലാണ് ഇരുവരും. കോഴിക്കോടന്‍ കടപ്പുറത്തുകാരുടെ സ്‌നേഹ മനസ്സും ഒത്തൊരുമയും സര്‍ക്കാര്‍ വകുപ്പുകളുടെ ഉണര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സംയോജിച്ചതോടെ  ഓഖിയില്‍ പെട്ടുപോയ കുടപ്പിറപ്പുകള്‍ക്കായുള്ള തിരച്ചിലിന് ഇവിടെ ഗതിവേഗം കൂടിയിട്ടുണ്ട്്്.
Next Story

RELATED STORIES

Share it