ഓഖി: പ്രത്യേക പാക്കേജിന് കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടവും ജീവഹാനിയും കണക്കിലെടുത്ത് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിരവധി പേരുടെ മരണത്തിനും നാശനഷ്ടത്തിനും ഇടയാക്കിയ അസാധാരണവും മുമ്പൊന്നും ഉണ്ടായിട്ടില്ലാത്തതുമായ ദുരന്തമായതിനാല്‍ ദേശീയ ദുരന്തമായി കണക്കാക്കി ദീര്‍ഘകാല പുനര്‍നിര്‍മാണ പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നാണ് നിലപാട്. ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടി നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടരും. അവസാന മല്‍സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരാന്‍ കോസ്റ്റ്ഗാര്‍ഡ്, നാവിക, വ്യോമസേനകളോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രി വ്യക്തമാക്കി. ഈ തിരച്ചിലില്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയത് തുടരാന്‍ കേന്ദ്രസേനകളോട് ആവശ്യപ്പെടും. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് യഥാസമയം വിവരം ലഭ്യമാക്കാന്‍ ശാസ്ത്രീയമായ സംവിധാനം രാജ്യത്തുണ്ടാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 30ന് കേരളാ തീരത്ത് ചുഴലി ആഞ്ഞടിക്കുമ്പോള്‍ ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും യോജിച്ചുനടത്തിയ തിരച്ചിലില്‍ 1130 മലയാളികളടക്കം 2600ഓളം പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഈ ദുരന്തത്തെ ഒരേ മനസ്സോടെ ഒന്നായിനിന്നു പരിഹരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരള ജനത ഒന്നടങ്കം കേന്ദ്രസേനകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ചില മാധ്യമങ്ങള്‍ സ്വീകരിച്ച നടപടി കേരളത്തിന്റെ പൊതുവികാരത്തിന് ഒപ്പമുള്ളതാണോയെന്ന ആത്മപരിശോധന നടത്തണം. കടലോരജനത അനുഭവിക്കുന്ന ഈ ദുരിതം പരിഹരിക്കുന്നതിനു കേരളത്തിലെ എല്ലാവിധ ജനവിഭാഗങ്ങളുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതരസംസ്ഥാനങ്ങളിലെത്തിയവരെ ഉടന്‍ നാട്ടിലെത്തിക്കും.   ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫിഷറീസ്, റവന്യൂ-ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ആഭ്യന്തര വകുപ്പുകളെ ചുമതലപ്പെടുത്തി. ചുഴലി സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ച ശേഷം ഒരു നിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്തനിവാരണ-ദുരന്തലഘൂകരണ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചുഴലി മുന്നറിയിപ്പ് ലഭിച്ച 30ന് ഒരു മണിക്കുതന്നെ ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയെ ബന്ധപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ഈ ഏജന്‍സികള്‍ പെട്ടെന്നു തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കടലില്‍നിന്നു 100 മീറ്റര്‍ പരിധിയിലെ എല്ലാ കെട്ടുറപ്പില്ലാത്ത വീടുകളും ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. ഒഴിപ്പിക്കപ്പെട്ടവര്‍ക്കു വേണ്ടി സംസ്ഥാനത്താകെ 52 പുനരധിവാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ചു. 1906 കുടുംബങ്ങളിലെ 8,556 പേര്‍ ഈ ക്യാംപുകളില്‍ വിവിധ ഘട്ടങ്ങളിലായി ആശ്വാസം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it